'രവീന്ദ്രന്‍റെ കഥ'യില്‍ മോഹന്‍ലാലും മഞ്ജുവും!

Webdunia
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (18:13 IST)
മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിനം‌പ്രതി വന്നുകൊണ്ടിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. രഞ്ജന്‍ പ്രമോദാണ് തിരക്കഥ.
 
എന്നാല്‍ ഈ സിനിമയുടെ കഥയെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. കഥ രഞ്ജന്‍ പ്രമോദിന്‍റെയോ സത്യന്‍ അന്തിക്കാടിന്‍റെയോ അല്ല. നടന്‍ രവീന്ദ്രനാണ് ഈ ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയത്.
 
പണ്ട് ഒട്ടേറെ മലയാളം - തമിഴ് ചിത്രങ്ങളില്‍ നായകനായും വില്ലനായും തിളങ്ങിയ രവീന്ദ്രന്‍ അടുത്ത കാലത്ത് 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമയിലൂടെ മുഖ്യധാരയിലേക്ക് മടങ്ങിവന്നിരുന്നു. 
 
"ഞാന്‍ കടന്നുവന്ന ജീവിതത്തില്‍ നിന്നാണ് ഈ കഥ കണ്ടെത്തുന്നത്. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ കഥ. സാമൂഹ്യപ്രതിബദ്ധതയുള്ള നല്ല സന്ദേശമുള്ള ഒരു കഥയാണിത്. ഞാന്‍ എഴുതിയ കഥയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ജോഡി ചേരുന്നതില്‍ സന്തോഷം" - രവീന്ദ്രന്‍ പറയുന്നു.
 
അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ ഹിറ്റുകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന് വേണ്ടി രഞ്ജന്‍ പ്രമോദ് തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് പേരിട്ടിട്ടില്ല.