മമ്മൂട്ടിയുടെ പെരുങ്കള്ളന്‍ എങ്ങനെ തോപ്പില്‍ ജോപ്പനായി? !

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (17:52 IST)
സംഘര്‍ഷഭരിതമായ കഥയോ തീപാറുന്ന സംഭാഷണങ്ങളോ ഉള്ളുലയ്ക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളോ ഒന്നും ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുത്. രസിപ്പിക്കുന്ന, വളരെ സിമ്പിളായ സിനിമകളാണ് ജോണിയുടേത്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ചെയ്ത തോപ്പില്‍ ജോപ്പനും അത്തരം ഒരു ചിത്രമായിരുന്നു.
 
എന്നാല്‍ തോപ്പില്‍ ജോപ്പന്‍ എന്ന പ്രൊജക്ടായിരുന്നില്ല മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍റണി സംവിധാനം ചെയ്യാനിരുന്നത്. പല കഥകള്‍ ആ പ്രൊജക്ടിനായി പരിഗണിച്ചിരുന്നു. അതിലൊന്ന് ഒരു പെരുങ്കള്ളന്‍റെ കഥയായിരുന്നു. 
 
മമ്മൂട്ടിയുടെ കഥാപാത്രത്തെ ഒരു കള്ളനായി അവതരിപ്പിക്കാനായിരുന്നു പരിപാടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുവരുന്ന ഒരു പെരുങ്കള്ളന്‍. പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാക്കാനാണ് ആലോചിച്ചത്. എന്നാല്‍ എന്തുകൊണ്ടോ ആ കഥ വര്‍ക്കൌട്ടായില്ല. 
 
ഡാന്‍സ് ക്ലബിലെ ബൌണ്‍സറായി മമ്മൂട്ടിയെ അവതരിപ്പിച്ചുകൊണ്ട് ഒരു കഥ ആലോചിച്ചു. പിന്നീട് അതും ഉപേക്ഷിച്ചു. ‘ബോബനും മോളിയും’ എന്ന പേരില്‍ ഒരു സിനിമ ചെയ്താലോ എന്നും ആലോചിച്ചു. പോത്തിറച്ചി പങ്കുവയ്ക്കുന്നവരുടെ കഥ വരെ ആലോചിച്ചു. ഒടുവില്‍ തോപ്പില്‍ ജോപ്പന്‍ എന്ന പ്രൊജക്ടിലേക്ക് ലാന്‍ഡ് ചെയ്തു.
 
എന്തായാലും, തോപ്പില്‍ ജോപ്പന് മുമ്പ് ആലോചിച്ച ആ കഥകളൊക്കെ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍റണിക്ക് ഇനിയും ചെയ്യാവുന്നതേയുള്ളൂ. ആ പ്രൊജക്ടുകള്‍ വേഗം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. 
Next Article