കാസനോവയ്ക്ക് പകരം കര്‍ഷകന്‍

ബുധന്‍, 22 ഏപ്രില്‍ 2009 (11:46 IST)
PROPRO
കോണ്‍ഫിഡന്‍സില്ലാതെ നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ് പിന്‍‌മാറിയപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് - മോഹന്‍ലാല്‍ ടീമിന്‍റെ കാസനോവ മുടങ്ങി. ലാലിന്‍റെ ഡേറ്റുകള്‍ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ് സംവിധായകന്‍ റോഷന്‍ പുതിയ ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മോഹന്‍ലാലിനെ കാസനോവയ്ക്ക് പകരം കര്‍ഷകനാക്കി മാറ്റാനാണ് സംവിധായകന്‍ ഒരുങ്ങുന്നത്. റോഷന് പിന്തുണ നല്‍കാന്‍ സൂപ്പര്‍ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ടുമുണ്ട്.

സിറിയന്‍ ക്രിസ്ത്യാനിയായ മാത്തച്ചന്‍ എന്ന ക്ഷീരകര്‍ഷകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ധാരാളം പശുക്കളുള്ള ഈ കര്‍ഷകന്‍റെ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ക്ലാസ്മേറ്റ്സ്, സൈക്കിള്‍, മഴൈ വരപ്പോകുത് എന്നീ സിനിമകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് രചിക്കുന്ന തിരക്കഥയാണിത്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ നര്‍മ്മത്തില്‍ പൊതിഞ്ഞ വ്യത്യസ്തമായൊരു കഥ പറയുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടതിനാല്‍ ജയിംസ് ആല്‍ബര്‍ട്ട് തിരക്കിട്ട് ഈ സിനിമയുടെ രചനയിലാണ്.

കമല്‍‌ഹാസനും മോഹന്‍ലാലും ഒരുമിക്കുന്ന ഉന്നൈ‌പോല്‍ ഒരുവന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു വരികയാണ്. ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സിനിമയില്‍ ജോയിന്‍ ചെയ്യും.

കമല്‍‌ഹാസന്‍റെ ‘മര്‍മയോഗി’ക്കുണ്ടായ വിധിയാണ് ഇപ്പോള്‍ മോഹന്‍ലാലിന്‍റെ കാസനോവയ്ക്ക് സംഭവിച്ചത്. ചെലവ് അധികരിക്കുമെന്നതിനാല്‍ നിര്‍മ്മാതാവ് പിന്‍‌മാറിയെന്നാണ് കാസനോവയെപ്പറ്റിയുള്ള വിശദീകരണം. എന്നാല്‍ ‘സാഗര്‍ എലിയാസ് ജാക്കി’യുടെ വീഴ്ച കണ്ട നിര്‍മ്മാതാവ് കാസനോവയെക്കുറിച്ച് പുനരാലോചിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക