കലവൂര്‍ ചിത്രത്തില്‍ ശ്രീനി നായകന്‍

Webdunia
തിങ്കള്‍, 12 ജൂലൈ 2010 (13:57 IST)
PRO
പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ വീണ്ടും സംവിധായകന്‍റെ കുപ്പായം അണിയുന്നു. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന ആദ്യ സംവിധാന സംരംഭത്തിന് ശേഷം സംവിധാന രംഗത്തു നിന്ന് വിട്ടുനിന്ന കലവൂര്‍ ഇത്തവണ ഒരു കൊമേഴ്സ്യല്‍ ചിത്രമാണ് ഒരുക്കുന്നത്.

ശ്രീനിവാസന്‍ നായകനാകുന്ന സിനിമയുടെ രചന നിര്‍വഹിക്കുന്നതും കലവൂര്‍ രവികുമാര്‍ തന്നെ. ഒരു സറ്റയറായിരിക്കും ഈ സിനിമയെന്നാണ് സൂചന. ശ്രീനിവാസന്‍റെ തിരക്കുകള്‍ ഒഴിയാന്‍ കാത്തിരിക്കുകയാണ് കലവൂര്‍. എന്തായാലും ഓഗസ്റ്റിനു ശേഷം ചിത്രീകരണം ആരംഭിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറ്റുള്ളവര്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ വളരെ ശ്രദ്ധിച്ചാണ് ശ്രീനി ഇപ്പോള്‍ ഡേറ്റ് നല്‍കുന്നത്. എന്തെങ്കിലും പുതുമയുള്ള ചിത്രങ്ങളുമായി മാത്രമേ അദ്ദേഹം സഹകരിക്കുന്നുള്ളൂ. സത്യന്‍ അന്തിക്കാടിനുവേണ്ടി ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം എഴുതാനുള്ള ആലോചനയിലാണ് ശ്രീനി ഇപ്പോള്‍.

കലവൂരിനു പിന്നാലെ, കൊമേഴ്സ്യല്‍ ചിത്രങ്ങളുടെ സംവിധാനരംഗത്തേക്ക് ടി എ റസാഖ്, ടി എ ഷാഹിദ് തുടങ്ങിയവരും കടന്നുവരികയാണ്. റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഷാഹിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലുമാണ് നായകന്‍.