ഈ സു.. സു... ഇനിഷ്യലാ? “എന്‍റെ ജനലരികിലിന്ന്.... ഒരു ജമന്തിപ്പൂവിരിഞ്ഞു...”

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (20:46 IST)
സുധീന്ദ്രന്‍ എന്ന മനുഷ്യന്‍റെ ജീവിതവിജയത്തിന്‍റെ കഥയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സു.. സു.. സുധി വാത്മീകം’ പറയുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണിത്.
 
ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മനോഹരമായ ട്രെയിലര്‍ എന്ന് ഇതിനകം തന്നെ അഭിപ്രായം നേടിക്കഴിഞ്ഞു. “എന്‍റെ ജനലരികിലിന്ന്.... ഒരു ജമന്തിപ്പൂവിരിഞ്ഞു...” എന്ന സുന്ദരമായ ഗാനവും ട്രെയിലറിലുണ്ട്.
"ഇന്ത്യന്‍ സിനിമയില്‍ തന്നെ വിക്കുള്ള നായകനില്ലെന്നാണ് തോന്നുന്നത്. കണ്ടുപഠിക്കാന്‍ റഫര്‍ ചെയ്യാന്‍ നമുക്ക് മുന്നില്‍ വേറൊന്നില്ല. പിന്നെ ഒരിക്കലും അഭിനയം നാടകീയമാകരുതല്ലോ. നമ്മളിങ്ങനുള്ള ധാരാളം പേരെ ജീവിതത്തില്‍ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അസാധ്യമായ നാച്ചുറാലിറ്റി കഥാപാത്രങ്ങള്‍ക്ക് വരണം. അല്ലെങ്കില്‍ അത് ഓവറാകും. മൊത്തത്തില്‍ ചളമാകും. അതുള്ളതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അഭിനയിച്ചു തീര്‍ത്തത്. പിന്നെ കഥാപാത്രത്തിന്റെ നാല് ജീവിത കാലഘട്ടത്തിലൂടെയാണ് കഥ പോകുന്നത്. സംസാരത്തിലെ കയറ്റിറക്കങ്ങള്‍ അതിനനുസരിച്ച് മാറുമല്ലോ. ഡബ്ബിങ് അപ്പോള്‍ ശരിക്കും വെല്ലുവിളിയായിരുന്നു” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തേക്കുറിച്ച് ജയസൂര്യ വ്യക്തമാക്കിയത് ഇങ്ങനെയാണ്.

മുകേഷ്, കെ പി എ സി ലളിത, അജു വര്‍ഗീസ്, സുനില്‍ സുഖദ, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.