ആക്ഷേപഹാസ്യത്തിന്‍റെ സമസ്തകേരളം

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2009 (13:50 IST)
PROPRO
ജയറാമിന്‍റെ പുതിയ ചിത്രമായ സമസ്ത കേരളം പി ഒ പ്രദര്‍ശനത്തിനെത്തുകയാണ്. വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലത്തിലൂടെ ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍ ലക്‍ഷ്യമിടുന്നത്. സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശത്തിന് ശേഷം ആക്ഷേപഹാസ്യം ഇത്രയും ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ചിത്രമില്ലെന്നാണ് സമസ്തകേരളത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

തോന്നൂര്‍ക്കര എന്ന ഗ്രാമത്തിലെ പഞ്ചായത്തുമെമ്പറായ പ്രഭാകരനെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച് ജയിക്കുന്ന പ്രഭാകരന്‍ പഞ്ചായത്തിലെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. വ്യത്യസ്തമായ ചില രീതികളിലൂടെ തന്‍റെ പ്രതിഷേധം അധികാരികളെ അറിയിക്കുന്ന പ്രഭാകരന്‍റെ രീതി നാട്ടുകാര്‍ക്കും ഒരു രസമാണ്. തലകുത്തി നിന്ന് സമരം നടത്തുക, ഉടല്‍ മുഴുവന്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട് സമരം നടത്തുക തുടങ്ങിയവ മെമ്പര്‍ പ്രഭാകരന്‍റെ പ്രതിഷേധരീതികളില്‍ ചിലതുമാത്രം.

വെറുതെ ഒരു ഭാര്യയ്ക്ക് ശേഷം കെ ഗിരീഷ്കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രം എന്നതാണ് സമസ്തകേരളം പി ഒയുടെ പ്രധാന സവിശേഷത. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലൊക്കെ കണ്ടതു പോലുള്ള ഗ്രാമചൈതന്യമാണ് ഗിരീഷ്കുമാര്‍ ഈ സിനിമയില്‍ വരച്ചിടുന്നത്. നവാഗതയായ സേറ നായികയാകുന്ന ചിത്രത്തില്‍ പ്രിയങ്കയും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്‌ വേണ്ടി ഹൗളി പോട്ടൂര്‍ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

ചിത്രം പ്രദര്‍ശനത്തിനെത്തും‌ മുമ്പേ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായത് സമസ്തകേരളത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. “മാരിക്കാവടി...” എന്നു തുടങ്ങുന്ന ഒരു ഗാനം ചാനലുകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. കൊച്ചുകുട്ടികള്‍ പോലും ഏറ്റുപാടിത്തുടങ്ങിയിരിക്കുന്ന ഈ ഗാനം സിനിമയെ കുടുംബസദസുകളില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു. “സുന്ദരീ സുന്ദരീ..” എന്ന ഗാനവും മനോഹരം. വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം.