അഭ്യൂഹങ്ങള്‍ക്ക് വിരാമം. അമീര്‍ഖാന്‍ ‘ഡല്‍ഹി ബെല്ലി’ എന്ന ചിത്രത്തില്‍ അഭിനയിക്കും. അമീര്‍ തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ അദ്ദേഹം അഭിനയിക്കുന്നില്ലെന്നായിരുന്നു ഇതുവരെ പരന്നിരുന്ന വാര്‍ത്ത. എന്നാല്‍ ഒരു ഗാനരംഗത്തില്‍ അമീര്‍ പ്രത്യക്ഷപ്പെടുമെന്നും ചിലപ്പോള്‍ ചില പ്രധാന രംഗങ്ങളില്‍ അതിഥിയായി കടന്നുവന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഡല്‍ഹി ബെല്ലിയില്‍ ഇമ്രാന്‍ ഖാനാണ് നായകന്‍. മോഡലും എഴുത്തുകാരിയും നടിയുമായ ഷെനാസ് ട്രഷറിവാലയാണ് നായിക.
ഓരോ സിനിമയിലും തന്‍റെ രൂപത്തില്‍ ഏറെ പരീക്ഷണങ്ങളും വ്യത്യസ്തതകളും വരുത്തുന്ന അമീര്‍ ഈ സിനിമയിലേക്കു വേണ്ടിയും ചില മാറ്റങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ട്. ഗാനരംഗത്തില്‍ ഒരു പുതിയ വിഗ്ഗ് ധരിച്ചാണത്രേ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനരംഗം ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണിക്കാനാണത്രേ പരിപാടി.
ഡെല്‍ഹി ബെല്ലിയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ജാനേ തു യ ജാനേ ന, കിഡ്നാപ് എന്നീ സിനിമകള്‍ക്ക് ശേഷം ഇമ്രാന്‍ ഖാന്‍ നായകനാകുന്ന ചിത്രമാണിത്. ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതമൊരുക്കുന്ന ഡല്‍ഹി ബെല്ലി അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും യു ടി വി മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് വിതരണത്തിനെത്തിക്കുന്നത്.
ഈ സിനിമയുടെ മാര്‍ക്കറ്റിംഗിലും ഏറെ പുതുമകളാണ് അമീര്‍ കരുതിവച്ചിരിക്കുന്നത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൊണ്ട് ഗജിനി വന്‍ വിജയമായതോടെ തന്‍റെ ഓരോ ചിത്രത്തിനും പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് താരം. താന്‍ ഉള്‍പ്പെട്ട ഗാനരംഗം ഒരു പ്രൊമോഷണല്‍ സോംഗായി മാറ്റാനും അമീര്‍ഖാന് പദ്ധതിയുണ്ട്.