അന്യനെ മറന്നോ? മനസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടും മൂന്നും പ്രത്യേക മനുഷ്യരായി ജീവിക്കേണ്ടിവന്നവന്‍. അമ്പി, റെമോ, അന്യന്‍ എന്നീ വ്യത്യസ്ത ഭാവങ്ങളുള്ള ഒരാള്‍. ഷങ്കര്‍ സംവിധാനം ചെയ്ത് വിക്രം തകര്‍ത്താടിയ അന്യന്‍.
കോടിക്കണക്കിന് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആ മെഗാഹിറ്റിന് ശേഷം ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും വിക്രമും വീണ്ടും ഒരു സിനിമയ്ക്കായി ഒത്തുചേരുന്നു. പടത്തിന് പേരിട്ടിട്ടില്ല. ഷങ്കറിന്‍റെ തിരക്കഥയ്ക്ക് സംഭാഷണങ്ങള്‍ രചിക്കുന്നത് സുബ(സുരേഷ്, ബാലകൃഷ്ണന്‍).
അന്യനെപ്പോലെ അടുത്ത സിനിമയും ഒരു ത്രില്ലറായിരിക്കും. പക്ഷേ, സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരിക്കില്ല. ഇത് ഒരു പക്കാ മാസ് മൂവി ആണെന്നാണ് സൂചന. താന്‍ ഇപ്പോള്‍ ഈ സിനിമയുടെ കഥാരചനയിലാണെന്നും അതുകൊണ്ട് വരും നാളുകളില്‍ വായനക്കാരുമായി സംവദിക്കാനാകില്ലെന്നും ഷങ്കര്‍ തന്‍റെ വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്.
ആറുമാസമാണ് ഈ സിനിമയുടെ തിരക്കഥാരചനയ്ക്കായി ഷങ്കര്‍ മാറ്റിവച്ചിരിക്കുന്നത്. അടുത്ത വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി.
വിക്രം ഇപ്പോള്‍ ‘താണ്ഡവം’ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. താണ്ഡവവും ഒരു ആക്ഷന്‍ ചിത്രം തന്നെ. പ്രചോദനം ‘ബോണ്‍ ഐഡന്‍റിറ്റി’ എന്ന ഹോളിവുഡ് സിനിമയാണെന്ന് സൂചന.
English Summary: Shankar is teaming up with his Anniyan hero Vikram again in an all new adventure film.