മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ വ്യക്തമായിരുന്നു. പ്രമുഖ നടിമാരായ പാര്‍വതി, റിമ കല്ലിങ്കല്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയെ തന്നെ ത്രിശങ്കുവില്‍ ആക്കുന്നതായിരുന്നു. ഇവരുടെ വെളിപ്പെടുത്തലോടെ മറ്റ് പല നടിമാരും തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, കാസ്റ്റിങ് കൌച്ച് മലയാള സിനിമയില്‍ മാത്രമല്ല എല്ലാ ഇന്‍ഡ്സ്ട്രിയിലും ഉണ്ടെന്ന് വ്യക്തമാകുന്നു.മറാത്തി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മറാത്ത നടി. രണ്ട് സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അയാള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും വ്യക്തമാക്കി നടി പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 19കാരിയായ കൊറിയോഗ്രാഫര്‍ കൂടിയായ നടി കലേവാഡിയില്‍ ചിരാഗ് സ്റ്റുഡിയോ നടത്തുന്ന അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
പ്രശസ്തയാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അതിനായിട്ടാണ് സിനിമയിലേക്ക് വന്നതെന്നും നടി തന്നെ പറയുന്നുണ്ട്. എന്നാല്‍ അന്തസ് ആര്‍ക്കും അടിയറവ് വൈക്കാന്‍ താന്‍ തയ്യാറല്ലെന്നും നടി വ്യക്തമാക്കി. നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും ഷോകള്‍ക്കും കൊറിയോഗ്രഫി ചെയ്തയാളാണ് പരാതിക്കാരിയായ നടി.
ആരോപണവിധേയനായ സംവിധായകന്റെ പുതിയ ചിത്രത്തിന് പുതുമുഖങ്ങളെ തേടുന്നുവെന്ന് അറിഞ്ഞാണ് സ്ക്രീന്‍ ടെസ്റ്റിന് ഹാജരായത്. സ്ക്രീന്‍ ടേസ്റ്റിന് ശേഷം തന്നെ ചിത്രത്തിലെ രണ്ടാമത്തെ നായികയായി തിരഞ്ഞെടുത്തുവെന്ന് സംവിധായകന്റെ അസിസ്റ്റന്റ് ആകാശ് അറിയിച്ചു. ഗണേശ ചതുര്‍ഥിക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇയാള്‍ പറഞ്ഞതായി നടി പറയുന്നു.
അതിനു ശേഷം സംവിധായകനായ പവാര്‍ തന്നെ അയാളുടെ കാബിനിലേക്ക് വിളിച്ചുവെന്നും അവിടെ വച്ചാണ് തന്നോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും നടി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.