തോപ്പില്‍ ജോപ്പനിലൂടെ മമ്മൂട്ടി ചെയ്തത് ഒരു എടുത്തുചാട്ടമായിരുന്നില്ല!

സുദീപ് ഉണ്ണിത്താന്‍
ശനി, 15 ഒക്‌ടോബര്‍ 2016 (15:15 IST)
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് പുലിമുരുകന്‍. ആ സിനിമയുടെ റിലീസ് ഒക്‍ടോബര്‍ ഏഴിന് ഉണ്ടായിരിക്കുമെന്ന് താരുമാനിച്ച് അധികം കഴിയും മുമ്പേ മമ്മൂട്ടി ക്യാമ്പില്‍ നിന്നും ആ പ്രഖ്യാപനം വന്നു - തോപ്പില്‍ ജോപ്പനും ഒക്‍ടോബര്‍ ഏഴിന് തന്നെ റിലീസ് ചെയ്യും.
 
പുലിമുരുകനെ നേരിടാന്‍ തോപ്പില്‍ ജോപ്പനോ? എല്ലാവരും നെറ്റി ചുളിച്ചപ്പോഴും മമ്മൂട്ടിയും ജോണി ആന്‍റണിയും ഇളകാതെ നിന്നു. അതൊരു എടുത്തുചാട്ടമല്ലേ എന്നായിരുന്നു പലരുടെയും സംശയം. ഇത്രയും വലിയൊരു സിനിമയെ നേരിടാന്‍ തോപ്പില്‍ ജോപ്പന്‍ പോലെ ഒരു ചെറിയ സിനിമ മതിയോ?
 
എന്നാല്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമ എന്താണെന്ന് വ്യക്തമായ ധാരണ മമ്മൂട്ടിക്കും ജോണി ആന്‍റണിക്കും ഉണ്ടായിരുന്നു. ആ സിനിമ മഹാവിജയം നേടുമെന്ന വിശ്വാസമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉജ്ജവലമായ വിജയമാണ് സ്വന്തമാക്കുന്നത്.
 
റിപ്പീറ്റ് ഓഡിയന്‍സാണ് തോപ്പില്‍ ജോപ്പന് കരുത്താകുന്നത്. രണ്ടും മൂന്നും തവണ ചിത്രം കാണുകയാണ് യുവജനങ്ങള്‍. അവര്‍ക്ക് ആവോളം ഉല്ലസിക്കാനുള്ള തമാശകളാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്തായാലും പുലിമുരുകനെ തോപ്പില്‍ ജോപ്പനെ ഉപയോഗിച്ച് നേരിടാമെന്നുള്ള മമ്മൂട്ടി ടീമിന്‍റെ തീരുമാനം വിജയം കണ്ടിരിക്കുന്നു എന്ന് നിസംശയം പറയാം.
Next Article