തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ച ശേഷം മമ്മൂട്ടി ഇങ്ങനെ ചെയ്യുമെന്ന് ലോഹിതദാസ് പോലും കരുതിയില്ല !

Webdunia
ഞായര്‍, 28 മെയ് 2017 (11:25 IST)
ലോഹിതദാസിനെയും അദ്ദേഹത്തിന്റെ സിനിമകളെയും ഓര്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെയുള്ള സിനിമകളില്‍ ഓരോന്നും മലയാളികള്‍ക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകനുമായുള്ള സൗഹൃദത്തിലൂടെയാണ് ലോഹിതദാസ് സിനിമയിലേക്ക് എത്തിയത്. 
 
തിലകന്‍ വഴിയാണ് ലോഹിതദാസ് സിബി മലയിലിനെ പരിചയപ്പെടുന്നത്. പരസ്പരം സംസാരത്തിനിടയില്‍ തന്റെ മനസ്സിലുള്ള ഒരു കഥ ലോഹിത ദാസ്, സിബി മലയിലുമായി പങ്കുവെച്ചു. എന്നാല്‍ ആ കഥയ്ക്ക് മറ്റൊരു സിനിമയുമായി സാമ്യമുള്ളതിനാല്‍ വേറെ കഥ ആലോചിക്കാനായിരുന്നു സിബി നിര്‍ദേശിച്ചത്. മാസങ്ങള്‍ക്കു ശേഷം വീണ്ടും സിബി മലയിലിനെ കാണാന്‍ ലോഹിതദാസ് എത്തി. വിജയം ഉറപ്പാക്കുന്നൊരു ചിത്രം സിബി മലയിലിനും ആവശ്യമുള്ള സമയത്താണ് പുതിയൊരു കഥയുമായി ലോഹിത ദാസിന്റെ വരവ്. 
 
അങ്ങിനെയാണ് തനിക്ക് സമുഹം കല്‍പ്പിച്ചു നല്‍കിയ ഭ്രാന്തനെന്ന പദവിയില്‍ നിസ്സഹായനായി വീട്ടില്‍ കഴിയേണ്ടി വന്ന ബാലന്‍മാഷായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമയായ തനിയാവര്‍ത്തനം പുറത്തിറങ്ങിയത്. കാലം ഇത്രയൊക്കെ കഴിഞ്ഞിട്ടും ആ സിനിമ ഇന്നും പ്രേക്ഷകര്‍ക്കിഷ്ടമാണെന്നതാണ് മറ്റൊരു വസ്തുത.  ലോഹിതദാസ് എന്ന എഴുത്തുകാരനില്‍ സംവിധായകനായ സിബി മലയിലിന് ഉണ്ടായിരുന്ന പൂര്‍ണ്ണ വിശ്വാസമാണ് ആ സിനിമയുടെ വിജയം എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. 
 
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയും തിരക്കഥ വായിച്ചു.ആ സമയം മമ്മൂട്ടിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ലോഹിതദാസിന് താരത്തിന്റെ പ്രതികരണത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇരിക്കാന്‍ മമ്മൂട്ടി പറഞ്ഞില്ല, അവിടെ കസേരയും ഉണ്ടായിരുന്നില്ല. തിരക്കഥയുടെ ആദ്യ പേജുകള്‍ വായിച്ച ഉടന്‍ പ്രൊഡക്ഷനിലെ ഒരു പയ്യനെ വിളിച്ച് കസേര കൊണ്ടുവരാനായിരുന്നു താരം ആവശ്യപ്പെട്ടത്. പിന്നീടെന്നും ആ കസേരയ്ക്ക് മമ്മൂട്ടിക്കരികില്‍ സ്ഥാനം പിടിക്കാനുമായി എന്നതാണ് വസ്തുത. 
Next Article