1980ലെ ക്രിസ്മസ് ദിനത്തിൽ ആ പെൺകുട്ടി ജനിച്ചു. അന്ന് മറ്റൊരു പ്രത്യേകതയുണ്ടായി. മലയാളത്തിൽ ഒരു പുതിയ താരോദയം ഉദിച്ചു - മോഹൻലാൽ!. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം റിലീസ് ചെയ്തത് ആ ക്രിസ്മസ് ദിനത്തിലായിരുന്നു. 1980 ലെ ക്രിസ്മസ് മുതൽ 2015ലെ ക്രിസ്മസ് വരെ പ്രേക്ഷകരെ വിസമയിപ്പിച്ച സിനിമകൾ ഒരുപാടാണ്. എന്നാൽ, ഈ സിനിമകളെ എല്ലാം കോർത്തിണക്കി ഒരു സിനിമ വന്നാൽ എങ്ങനെയിരിക്കും?.
അങ്ങനെ ഒരു സിനിമ വരുന്നു. അതിന്റെ പേരും 'മോഹൻലാൽ' എന്ന് തന്നെ. ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചിരിക്കുന്ന ഒരു കട്ട ആരാധികയുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തേ പറഞ്ഞത് പോലെ 1980ലെ ക്രിസ്മസിനാണ് ആ പെൺകുട്ടിയും ജനിച്ചത്. അവളൊരു മോഹൽലാൽ ആരാധിക ആയില്ലെങ്കിലേ അത്ഭുതമൊള്ളൂ.
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ ചിത്രങ്ങളിലൂടെയുള്ള യാത്രയാകും സിനിമ. ചിത്രത്തിന്റെ പ്രീ–പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സുനീഷ് വാറനാടിന്റേതാണ് കഥ.