സെപ്തംബര്‍ 24, അഭിനയ കലയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം. പ്രാധാന്യമുള്ളതോ പ്രാധാന്യമില്ലാത്തതോ ആയ വേഷങ്ങള്‍ ചെയ്താലും കാഴ്ചക്കാരില്‍ അഭിനയത്തിന്റെ മധുരസ്പര്‍ശം വാരിവിതറുന്ന കലാകാരന്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു അദ്ദേഹം. കഥാപാത്രം ഏതുമാകട്ടെ സംവിധായകന് പ്രതീക്ഷയ്ക്കപ്പുറം നല്‍കുകയെന്നതാണ് തിലകന്‍റെ പ്രത്യേകത.
വിമര്‍ശിക്കുമ്പോഴും സ്നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ. തിലകനെ മലയാള ഭാഷയിലെ എത്ര പദങ്ങളെടുത്ത് വിശേഷിപ്പിച്ചാലും അത് മതിയാകാതെ വരുകയാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. വാസ്തവം. കാലത്തിനൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും സഞ്ചരിച്ചുകൊണ്ടേയിരിക്കുമയാണ്. മലയാള സിനിമയില്‍ തിലകന് പകരം വെയ്ക്കാന്‍ ഇതുവരെ ഒരാള്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. തിലകന് തുല്യം തിലകന്‍ മാത്രം.
സമാനതകളില്ലാത്ത അഭിനയചാതുരിയായിരുന്നു തിലകന്‍ മലയാളത്തിന് നല്‍കിയത്. രംഗവേദിയുടെ കരുത്തുറ്റ പാരമ്പര്യവുമായി കെ.ജി. ജോര്‍ജിന്‍റെ മേള (1981)യിലൂടെ സിനിമയിലെത്തി. അവാര്‍ഡുകളുടെ തിളക്കത്തേക്കാള്‍ പ്രേക്ഷകന്‍റെ അംഗീകാരം പിടിച്ചെടുക്കുന്നവയായിരുന്നു ചെറുതായാലും വലുതായാലും പിന്നീട് തിലകന്‍ ചെയ്ത ഓരോ വേഷവും.
പ്രത്യേക കഥാപാത്രങ്ങളായി തിലകന്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടില്ലെങ്കിലും, പുറമേ നിര്‍ബന്ധബുദ്ധിക്കാരനായ, ഉള്ളില്‍ വാത്സല്യം സൂക്ഷിക്കുന്ന തിലകന്‍റെ അച്ഛന്‍ വേഷങ്ങളില്‍ നിന്ന് പ്രേക്ഷകനും പിതൃവാത്സല്യമനുഭവിക്കുന്നു. മികച്ച നടനായി രണ്ടു തവണ സംസ്ഥാന അംഗീകാരവും സഹനടനായി ആറുതവണയും അംഗീകാരം നേടിയിട്ടുണ്ട്.
അവാര്‍ഡുകളില്‍ അഹ്ളാദിക്കാതെയും നഷ്ടമാകുന്നതില്‍ പരിഭവിക്കാതെയും അടുത്ത കഥാപാത്രത്തിന്‍റെ മനസിലേയ്ക്ക് തിലകന്‍ വേഗം കൂറുമാറുന്നു.
വെറും അഭിനേതാവെന്ന നിലയിലല്ല ചിന്തിക്കുന്ന അഭിനേതാവെന്ന നിലയിലാണ് തിലകന്‍ വിലയിരുത്തപ്പെടുന്നത്. പരിശീലനത്തോടൊപ്പം ക്രമമായ വായനയും പഠനവും അഭിനയത്തില്‍ തന്‍റെ ബാലപാഠങ്ങളായിരുന്നുവെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്. തനിക്കുചുറ്റുമുള്ളവയുടെ നിരീക്ഷണവും വായനയുമാണ് തിലകന്‍റെ ഊര്‍ജ്ജം.
സ്വവസതിയില്‍ നിന്നും ജീവിതം തേടി യൗവ്വനകാലത്തുതന്നെ പടിയിറങ്ങിയ തിലകന്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതികരണശേഷിയുള്ള കുട്ടിക്കാലം. സായിപ്പിന്‍റെ എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്ന അച്ഛന്‍റെ തൊപ്പിയൂരലിനെ വിമര്‍ശിച്ച ചെറിയ കുട്ടി ജീവിതത്തില്‍ ഏകാന്തപഥികനായിരുന്നു.