ഇന്ത്യന്‍ സിനിമയില്‍ രാജമൗലിക്ക് മുന്‍പ് ബ്രഹ്‌മാണ്ഡ സിനിമകള്‍ ഒരുക്കുന്നതില്‍ പേരുകേട്ട സംവിധായകനായിരുന്നു ശങ്കര്‍. അന്യന്‍, ഐ,എന്തിരന്‍ തുടങ്ങിയ വമ്പന്‍ സിനിമകള്‍ സമ്മാനിച്ച ശങ്കര്‍ അടുത്തിടെ ഒരുക്കിയ സിനിമകളെല്ലാം ബോക്‌സോഫീസില്‍ വലിയ പരാജയമായിരുന്നു. ഇതില്‍ തന്നെ 2 ഭാഗങ്ങളിലായി വരാനിരുന്ന ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 സിനിമകള്‍ ശങ്കറിന്റെ കരിയറിന് തന്നെ വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ 2 ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതോടെ ശങ്കറിനൊപ്പം വമ്പന്‍ സിനിമയൊരുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ 2, ഗെയിം ചെയ്ഞ്ചര്‍ എന്നീ സിനിമകള്‍ പരാജയപ്പെട്ടെങ്കിലും തമിഴിലെ പ്രശസ്തമായ നോവലായ വേല്‍പാരി സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ശങ്കര്‍. ധനുഷിനെ നായകനാക്കിയും വിക്കി കൗശലിനെ മറ്റൊരു പ്രധാന കഥാപാത്രത്തിലും സിനിമ ഒരുക്കാനാന് ശങ്കര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും മറ്റും ശങ്കറിന് വിലങ്ങുതടിയാകുന്നുണ്ട്. കൂടാതെ ശങ്കറിനൊപ്പം വമ്പന്‍ ബജറ്റ് ചെലവാക്കാന്‍ പല നിര്‍മാതാക്കളും താത്പര്യപ്പെടുന്നില്ല.
പല വമ്പന്‍ താരങ്ങളും സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നില്ല എന്നതും വേല്‍പാരി പോലൊരു സിനിമയ്ക്ക് താരങ്ങളും 2 വര്‍ഷം വരെയുള്ള ഡേറ്റ് വേണമെന്നതും ശങ്കറിന് വെല്ലുവിളിയാണ്. നേരത്തെ രണ്‍വീര്‍ സിങ്ങിനൊപ്പം അന്യന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാന്‍ ശങ്കര്‍ ഒരുങ്ങിയിരുന്നെങ്കിലും ഈ പ്രൊജക്റ്റും ഉപേക്ഷിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.