ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൽ ഡി എഫും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടൻ മമ്മൂട്ടിയുടെ വീട്ടിലും അദ്ദേഹമെത്തി. സന്ദർശനത്തിനു ശേഷം പ്രതാപൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരിക്കുകയാണ്.
പ്രതാപന്റെ സോഷ്യൽ മീഡിയ ക്യാമ്പയിൻ മമ്മുട്ടി ഉദ്ഘാടനം നിർവഹിച്ചുവെന്ന പോസ്റ്റിലെ വാചകങ്ങളിൽ മമ്മുട്ടി പറയാത്ത വാക്കുകൾ കൂട്ടിച്ചേർത്തു പോസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ പ്രചരണമാണിതെന്ന് തിരിച്ചറിഞ്ഞവർ ചോദ്യങ്ങളുയർത്തിയപ്പോൾ എഡിറ്റ് ചെയ്ത് പുതിയവ ചേർക്കുകയായിരുന്നു.
ചൊവ്വാഴ്ച ഒമ്പതു മണിക്കാണ് പ്രതാപന്റെ ഫേസ്‌ബുക്ക് പേജിൽ മമ്മുട്ടി ഉദ്ഘാടനം നിർവഹിച്ചു എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അതിൽ ടി എൻ പ്രതാപൻ ജയിക്കണം അത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാൽ തന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും, ടി എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാനിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്ജ്വല മാതൃകയുമാണ് എന്നെല്ലാം മമ്മുട്ടി പറഞ്ഞുവെന്നായിരുന്നു ടി എൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ, മമ്മൂട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതോടെ ആരാധകർ ചോദ്യമുയർത്തി. ഇതോടെ എഡിറ്റ് ചെയ്ത് മറ്റ് ചില കാര്യങ്ങൾ ചേർക്കുകയായിരുന്നു അദ്ദേഹം. രണ്ടാമത്തെ പോസ്റ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തുവെന്നും എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടൊപ്പമുള്ളത് എന്നും പുതിയതായി ചേർത്തിട്ടുണ്ട്.
കൂടാതെ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊക്കെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യത്തോടെ തന്നെ ഓർമ്മിക്കുന്നതാണെന്നും രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നൽകിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദിയെന്നും കൂട്ടിച്ചേർത്തു കൊണ്ട് അവസാനിപ്പിക്കുന്നു.