Salaar Review: പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'സലാര്‍' തിയറ്ററുകളില്‍. ആദ്യ രണ്ട് ഷോകള്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. കെജിഎഫ് നിലവാരത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ശരാശരിക്ക് മുകളില്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് നല്‍കാന്‍ സലാറിന് സാധിച്ചെന്നാണ് കൂടുതല്‍ മലയാളി പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് സലാറില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. വര്‍ധ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. പ്രഭാസ് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപാത്രത്തിന്റെ വലംകൈ ആയാണ് വര്‍ധ എത്തുന്നത്. പൃഥ്വിരാജ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. ക്ലൈമാക്‌സ് ഫൈറ്റ് സീനില്‍ പൃഥ്വിരാജ് ഞെട്ടിച്ചെന്നാണ് ചില ആരാധകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം തെലുങ്കില്‍ നിന്ന് അതിഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. കെജിഎഫിന് മുകളില്‍ പോയെന്ന് പോലും പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഫുള്‍ പാക്കേജ്ഡ് ആക്ഷന്‍ ചിത്രമെന്നാണ് തെലുങ്ക് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മലയാളത്തിനു പുറത്തുനിന്നും പൃഥ്വിരാജിന് പ്രശംസ ലഭിക്കുകയാണ്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ 48 കോടിയെങ്കിലും ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യുമെന്നാണ് വിവരം.