പ്രിയദര്‍ശന്‍ - മമ്മൂട്ടി ടീം വീണ്ടും? അണിയറയില്‍ നടക്കുന്നത്...

Webdunia
തിങ്കള്‍, 13 മെയ് 2019 (18:55 IST)
മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ അഞ്ചില്‍ താഴെ ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കഥകള്‍ കിട്ടാനുള്ള വൈഷമ്യത്തേക്കുറിച്ച് പ്രിയന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും രാക്കുയിലിന്‍ രാഗസദസിലും മേഘവുമൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ക്കിഷ്ടമുള്ള മമ്മൂട്ടി - പ്രിയന്‍ സിനിമകളാണ്.
 
എന്നാല്‍ ഇനിയൊരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമോ? അതിനുള്ള സാധ്യതകള്‍ കുറവാണെന്ന് കുഞ്ഞാലിമരക്കാര്‍ എന്ന പ്രൊജക്ടിനെ മുന്‍‌നിര്‍ത്തി സിനിമാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു കുഞ്ഞാലി മരക്കാര്‍. മോഹന്‍ലാലും അത് സ്വപ്നമായി കൊണ്ടുനടന്നിരുന്നു. എന്നെങ്കിലും അത് സിനിമയായി ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചു.
 
മമ്മൂട്ടി പ്രൊജക്ട് ആണ് ആദ്യം പ്രഖ്യാപിച്ചത്, സന്തോഷ് ശിവന്‍റെ സംവിധാനത്തില്‍. എന്നാല്‍ ആ സമയത്തുതന്നെ കുഞ്ഞാലിമരക്കാര്‍ പ്ലാന്‍ ചെയ്തുവരികയായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും. സന്തോഷ് ശിവന്‍ ചിത്രം അനൌണ്‍സ് ചെയ്തതോടെ പ്രിയദര്‍ശന്‍ അവര്‍ക്കൊരു ഡെഡ്‌ലൈന്‍ കൊടുത്തു. അതിനുള്ളില്‍ സന്തോഷ് ശിവന്‍ ചിത്രം ആരംഭിച്ചില്ലെങ്കില്‍ തങ്ങളുടെ ചിത്രം തുടങ്ങുമെന്നായിരുന്നു പ്രിയന്‍ അറിയിച്ചത്. പറഞ്ഞതുപോലെ സന്തോഷ് ശിവനെയും മമ്മൂട്ടിയെയും മറികടന്ന് മോഹന്‍ലാലും പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടുമായി മുന്നോട്ടുനീങ്ങി. പ്രിയദര്‍ശന്‍ വലിയ ആഘോഷമായി ‘കുഞ്ഞാലിമരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരും ഉടന്‍ ആരംഭിക്കും എന്നാണ് ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് അറിയിച്ചത്. 
 
ഈ സംഭവം പരസ്പരം സ്നേഹിച്ചിരുന്ന മമ്മൂട്ടിയും പ്രിയദര്‍ശനും തമ്മില്‍ മനസുകൊണ്ട് ചെറിയ അകല്‍ച്ചയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും, അപ്പപ്പോള്‍ തോന്നുന്ന അകല്‍‌ച്ചയൊന്നും മനസില്‍ സൂക്ഷിക്കുന്നയാളല്ല മമ്മൂട്ടി. പ്രിയദര്‍ശനുമൊത്ത് ഒരു നല്ല പ്രൊജക്ട് ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കില്‍ മമ്മൂട്ടി അതിന് തയ്യാറാകുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
 
മമ്മൂട്ടി നല്ല കഥകളെയും കഥാപാത്രങ്ങളെയും നല്ല സിനിമകളെയുമാണ് സ്നേഹിക്കുന്നത്. പ്രിയന്‍ അത്തരമൊരു പ്രൊജക്ടുമായി വരികയാണെങ്കില്‍ മമ്മൂട്ടി നോ പറയുകയില്ലെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article