ഒരുകാലത്ത് ഏകദേശം ഒരേസമയത്ത് സിനിമയിലേക്ക് എത്തിയവരാണ് ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. മലയാള സിനിമയെ ഇവർ നാലും പേരും കൊണ്ടുപോയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇതിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയിലെത്തി, പിന്നാലെ പ്രണവ് മോഹൻലാലും ഗോകുൽ സുരേഷ് ഗോപിയും എത്തി. എന്നാൽ, ജയറാമിന്റെ കാളിദാസ് ജയറാം മാത്രം മലയാള സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ്.
ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ശേഷം ഏറ്റവും ഹിറ്റായ ചോദ്യമാണിത്. ‘പൂമര’ത്തിന്‍റെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പോലും വ്യക്തമായ ഒരുത്തരം നല്‍കുന്നില്ല.
എന്നാല്‍ കാളിദാസ് ഇപ്പോൾ ഉത്തരം പറഞ്ഞിരിക്കുകയാണ്. എത്താറായെന്ന് കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു. ദുൽഖറും പ്രണവും ഗോകുലും സ്ഥലത്തെത്തിയ ഒരു ട്രോൾ ഷെയർ ചെയ്തുകൊണ്ടാണ് കാളിദാസ് ഇങ്ങനെ കുറിച്ചത്. സംവിധായാൻ എബ്രിഡ് ഷൈനോട് 'അവരുടെ കൂടെ എപ്പോൾ എത്തിക്കും?' എന്നും കാളി ചോദിക്കുന്നുണ്ട്.
2016 ഫെബ്രുവരിയിലാണ് പൂമരത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്‍റാളും...’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പൂമരം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് ആരാധകർക്ക് സന്തോഷ വാർത്ത നൽകി താരം രംഗത്തെത്തിയത്.
ഒരു കാമ്പസ് ചിത്രമായ പൂമരത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.