പുലിമുരുകൻ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസിൽ പല റെക്കോർഡുകളും തകർത്ത് ചിത്രം മുന്നേറുമ്പോഴും സംവിധായകൻ വൈശാഖിന്റെ ഉള്ളിൽ ഒരു വേദനയാണ്. വളരെ കഷ്ടപെട്ട് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. അതിന്റെ അടിത്തറ എന്ന് പറയുന്നത് ആക്ഷൻ സീനുകൾ തന്നെ. ചിത്രം തീയേറ്ററുകളിൽ നിറഞ്ഞാടുമ്പോൾ അതിലെ ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. ഇത് വേദനാജനകമാണെന്ന് സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
പ്രിയരേ,
ഇത് ഏറെ വേദനിപ്പിക്കുന്നു....
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ 'പുലിമുരുകൻ' എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക.