ബോക്‌സ്ഓഫീസില്‍ തലകുത്തി വീണ് ബാന്ദ്ര ! നിര്‍മാതാക്കള്‍ക്ക് കോടികളുടെ നഷ്ടം

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2023 (11:55 IST)
ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ദിലീപ് ചിത്രം ബാന്ദ്ര. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം മുതല്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 1.15 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രത്തിനു ലഭിച്ചത്. 30 ശതമാനത്തില്‍ മാത്രമായിരുന്നു ചിത്രത്തിനു ആദ്യ ദിനത്തിലെ ഒക്യുപ്പെന്‍സി. 
 
രണ്ടാം ദിനമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഒരു കോടി പോലും കളക്ട് ചെയ്യാന്‍ സാധിച്ചില്ല. കേരളത്തില്‍ നിന്ന് 89 ലക്ഷം മാത്രമാണ് രണ്ടാം ദിനം ബാന്ദ്ര നേടിയത്. ചിത്രം ബോക്സ്ഓഫീസില്‍ വന്‍ പരാജയമാകുമെന്ന സൂചനകളാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്നാം ദിനമായ ഞായറാഴ്ച 94 ലക്ഷമാണ് ചിത്രത്തിനു ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. 
 
ഉദയകൃഷ്ണയുടെ തിരക്കഥയാണ് ബാന്ദ്രക്ക് വലിയ തിരിച്ചടിയായതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഉദയകൃഷ്ണയുടെ പല സിനിമകളിലും കണ്ടുമടുത്ത കാഴ്ചകള്‍ ബാന്ദ്രയിലും ഉണ്ട്. ഇവയൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ല. ആദ്യ ഭാഗങ്ങളില്‍ കേരളത്തിലാണ് കഥ നടക്കുന്നത്. തുടക്കത്തില്‍ ചില നര്‍മങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദിലീപും ഈ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധോലോക കഥ പറച്ചില്‍ സിനിമയെ പൂര്‍ണമായി പിന്നോട്ടടിപ്പിക്കുന്നു. തമന്നയുടെ കഥാപാത്രം മികവ് പുലര്‍ത്തി. ചില സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു. എന്നാല്‍ കഥയ്ക്ക് കൃത്യമായ അടിത്തറയില്ലാത്തത് പ്രേക്ഷകരെ മുഷിപ്പിക്കുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ബാന്ദ്ര അവസാനിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article