അഞ്ജലി മേനോന്‍ എഴുതിയ തിരക്കഥ കൊള്ളില്ല; ദുല്‍ഖര്‍ ചിത്രം ഞാന്‍ ഉപേക്ഷിക്കുന്നു - പ്രതാപ് പോത്തന്‍

ചൊവ്വ, 2 ഓഗസ്റ്റ് 2016 (21:26 IST)
അഞ്ജലി മേനോന്‍ കാരണം തനിക്ക് വിലപ്പെട്ട ഒരു വര്‍ഷം നഷ്‌ടമായെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. അഞ്ജലിയുടെ സ്‌ക്രിപ്‌റ്റിനായി ഒരു വര്‍ഷം ഞാന്‍ കാത്തിരുന്നു, ഒടുവില്‍ അത് ലഭിച്ചപ്പോള്‍ മനസിലായി അതില്‍ ഒന്നുമില്ലെന്ന്. അത്രയും മോശമായിരുന്നു അത്. എന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് സ്‌ക്രിപ്‌റ്റ് എഴുതിയ ഒരാള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കി.

അഞ്ജലി എഴുതി അയച്ച തിരക്കഥയില്‍ ഒന്നുമില്ലാത്തതിനാല്‍ ദുല്‍‌ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കാനിരുന്ന ‘ ലവ് ഇന്‍ അന്‍‌ജെംഗോ ’ ഉപേക്ഷിച്ചു. അറുപത്തിയഞ്ചു വയസുള്ള തനിക്ക് ഇത്രയും മോശമായ ഒരു സ്‌ക്രിപ്‌റ്റില്‍ സിനിമ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്‌ത് താനിക്കൊന്നും തെളിയിക്കാനില്ല. ആവശ്യത്തിന് സിനിമ ചെയ്യുകയും ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ തനിക്കുകയും ചെയ്‌തിട്ടുണ്ട്. എന്റെ നിര്‍ദേശങ്ങളും ആവശ്യങ്ങളും ഒരു വര്‍ഷം കാത്തിരുന്ന ശേഷം ലഭിച്ച തിരക്കഥയില്‍ ഇല്ലായിരുന്നുവെന്നും പ്രതാപ് പോത്തന്‍ തുറന്നടിച്ചു.

ഒരു ഡെപ്‌ത്തുള്ള ലവ്‌ സ്‌റ്റോറിയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും ആവശ്യപ്പെട്ടതും. ചിത്രത്തിന്റെ ക്ലൈമാക്‍സില്‍ പ്രകൃതി ദുരന്തങ്ങള്‍ പാടില്ലെന്ന് അഞ്ജലിയോട് വ്യക്തമാക്കിയിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്റെ നിര്‍ദേശങ്ങള്‍ തള്ളി സ്വന്തം ഇഷ്‌ടത്തിന് സ്‌ക്രിപ്‌റ്റ് എഴുതിയ ഒരാള്‍ക്കൊപ്പം സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ജലി മേനോന്‍, ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രതാപ് പോത്തനൊപ്പം സിനിമ ചെയ്യുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം തന്നെ നാടകീയമായി ഇതില്‍നിന്ന് പിന്മാറിയിരിക്കുന്നത്. മഞ്ചാടിക്കുരു, ഉസ്‌താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളുടെയും തിരക്കഥ അഞ്ജലിയുടെതായിരുന്നു. ഇതില്‍ ബാംഗ്ലൂര്‍ ഡെയ്‌സ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത് അഞ്ജലിയായിരുന്നു.

വെബ്ദുനിയ വായിക്കുക