‘ലൈഫ് ഓഫ് പൈ’ക്ക് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം

Webdunia
തിങ്കള്‍, 14 ജനുവരി 2013 (17:28 IST)
PRO
‘ലൈഫ് ഓഫ് പൈ’ക്ക് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രശ്സ്ത സംവിധായകന്‍ ആങ് ലീ ഒരുക്കിയ ‘ലൈഫ് ഓഫ് പൈ’ക്കാണ് പശ്ചാത്തല സംഗീതത്തിന് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം.

ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് ചിത്രം അവാര്‍ഡ് നേടിയത്. ‘ലൈഫ് ഓഫ് പൈ’ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ കനേഡിയന്‍ സംഗീതജ്ഞന്‍ മൈക്കല്‍ ഡാന പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ആര്‍ഗോയ്ക്ക് സംഗീതമൊരുക്കിയ അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റ്, അന്ന കരിനീനയ്ക്ക് സംഗീതമൊരുക്കിയ ഡാരിയൊ മരിയനെല്ലി ക്ലൗഡ് അറ്റ്‌ലസിന് സംഗീതം പകര്‍ന്ന ടോം ടൈക്വര്‍, ജോണി ക്ലിമെക്, റെയ്ന്‍ഹോള്‍ഡ് ഹെയ്ല്‍ എന്നിവരെ പിന്തള്ളിയാണ് മൈക്കല്‍ ഡാന പുരസ്‌കാരത്തിന് അര്‍ഹനായത്.

കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടന്നത്. സിനിമാലോകത്ത് ഓസ്‌കാര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്.

കനേഡിയന്‍ എഴുത്തുകാരനായ യാന്‍ മാര്‍ട്ടലിന്റെ ലൈഫ് ഓഫ് പൈ എന്ന നോവലിനെ ആധാരമാക്കിയാണ് ആങ് ലി അതേ പേരില്‍ ഹോളിവുഡ് ചിത്രം അണിയിച്ചൊരുക്കിയത്. ഓസ്കാര്‍ നോമിനേഷനിലും ലൈഫ് ഓഫ് പൈ ഇടപിടിച്ചിട്ടുണ്ട്.