‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ ഉപേക്ഷിച്ചിട്ടില്ല!

Webdunia
ബുധന്‍, 11 ജനുവരി 2012 (14:06 IST)
PRO
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യാനുദ്ദേശിച്ച ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ എന്ന സിനിമ ഉപേക്ഷിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞതാണ്. സിനിമയുടെ വലിയ ബജറ്റ് താങ്ങാനാകാതെ നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു പിന്‍‌മാറിയതാണ് ചിത്രം മുടങ്ങാന്‍ കാരണം. സജി സുരേന്ദ്രന്‍ വലിയ പ്രതിഫലം ചോദിച്ചതും രാജു ചിത്രം ഒഴിയാന്‍ കാരണമായതായി കേള്‍ക്കുന്നുണ്ട്.

എന്നാല്‍ പുതിയ വാര്‍ത്ത, ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കാനായി ആലോചിക്കുന്നു എന്നാണ്. പുതിയ നിര്‍മ്മാതാവായിരിക്കും ചിത്രം നിര്‍മ്മിക്കുക.

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായികയാകുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്‍കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്‍റ്, സിദ്ദിഖ് എന്നിവര്‍ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്‍. എം ജി ശ്രീകുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്.

താമരശ്ശേരി ടു തായ്‌ലന്‍ഡ് ഫഹദ് ഫാസില്‍ സോളോ ഹീറോയാകുന്ന ആദ്യ കോമഡിച്ചിത്രമായിരിക്കും.