സൂര്യയുടെ '24', പാട്ടുകള്‍ എ ആര്‍ റഹ്‌മാന്‍ വക!

Webdunia
തിങ്കള്‍, 5 ജനുവരി 2015 (11:55 IST)
ആയുധ എഴുത്ത്, സില്ലന്‍‌റു ഒരു കാതല്‍ എന്നീ സൂര്യച്ചിത്രങ്ങള്‍ക്ക് എ ആര്‍ റഹ്‌മാനായിരുന്നു സംഗീതം. ഗംഭീര പാട്ടുകളായിരുന്നു ആ ചിത്രങ്ങളില്‍. അതിന് ശേഷം ഹാരിസ് ജയരാജിലേക്കും മറ്റും സൂര്യയുടെ സിനിമകള്‍ കൂടുതല്‍ അടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും, എ ആര്‍ റഹ്‌മാനും സൂര്യയും കൈകോര്‍ക്കുകയാണ്.
 
വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന '24' എന്ന ത്രില്ലറിന്‍റെ സംഗീതം താന്‍ ആയിരിക്കുമെന്ന് റഹ്‌മാന്‍ തന്നെ അറിയിച്ചു. സൂര്യ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
 
'മദ്രാസ്' എന്ന ഹിറ്റ് ചിത്രത്തിലെ നായികയായ കാതറിന്‍ തെരേസയാണ് 24ലെ നായിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമിനെ നായകനാക്കി വിക്രം കെ കുമാര്‍ ചിത്രീകരണം ആരംഭിച്ച തമിഴ് ചിത്രമാണ് '24'. ഇല്യാന നായികയായ ആ സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നായകനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് '24' ഉപേക്ഷിച്ചു. ഇപ്പോള്‍ ഇതേ പ്രൊജക്ടാണ് സൂര്യയെ നായകനാക്കി ഒരുക്കുന്നത്.
 
അന്ന് വിക്രമിനെ നായകനാക്കി ആരംഭിച്ച സിനിമയാണെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം കാലികമായ മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തിയിട്ടുണ്ടെന്ന് വിക്രം കെ കുമാര്‍ പറയുന്നു. 'മാസ്' എന്ന സിനിമയ്ക്ക് ശേഷം '24' ആരംഭിക്കാനാണ് സൂര്യ തീരുമാനിച്ചിരിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
'24' ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നു. 24 എന്ന സംഖ്യ തന്നെയാണ് ചിത്രത്തിന്‍റെ സസ്പെന്‍സ്.
 
'യാവരും നലം' എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലറിലൂടെയാണ് വിക്രം കെ കുമാര്‍ തെന്നിന്ത്യയില്‍ ശ്രദ്ധേയനാകുന്നത്. ഈ സിനിമ തന്നെ 13 ബി എന്ന പേരില്‍ ബോളിവുഡിലും ശ്രദ്ധേയമായി. ഈ വര്‍ഷം 'മനം' എന്ന തെലുങ്ക് ഹിറ്റിലൂടെ മോസ്റ്റ് വാണ്ടഡ് ഡയറക്ടറായി വിക്രം കെ കുമാര്‍ മാറിയിരിക്കുകയാണ്.