‘പൃഥ്വിരാജും സംവൃതയും പ്രണയത്തിലാണ്’ എന്ന ഗോസിപ്പ് ഒരുകാലത്ത് മലയാള സിനിമാലോകത്തെ ചൂടന്‍ ചര്‍ച്ചാവിഷയമായിരുന്നു. പൃഥ്വിയുടെ നായികയായി തുടര്‍ച്ചയായി സംവൃത അഭിനയിച്ച നാളുകള്‍. പൃഥ്വിയും സംവൃതയും വിവാഹിതരാകുമെന്ന് വരെ ഏവരും വിശ്വസിച്ച കാലം. സുപ്രിയ എന്ന ജേര്‍ണലിസ്റ്റുമായുള്ള പൃഥ്വിയുടെ വിവാഹത്തോടെയാണ് ആ ഗോസിപ്പിന് അറുതിയായത്. അതിന് ശേഷം പൃഥ്വിയുടെ നായികയായി സംവൃത അഭിനയിച്ചിട്ടില്ല.
സംവൃതയുടെ വിവാഹവും അനൌദ്യോഗികമായി കഴിഞ്ഞു. എല്ലാവരെയും അറിയിച്ചുകൊണ്ട് നവംബര്‍ ഒന്നിന് വീണ്ടും വിവാഹച്ചടങ്ങുകള്‍ ഉണ്ടാകും. അതിന് മുമ്പ് സംവൃത ഒരിക്കല്‍ കൂടി പൃഥ്വിരാജിന്‍റെ നായികയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലാണ് പൃഥ്വിയും സംവൃതയും ജോഡിയാകുന്നത്.
മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന്‍റെ ജീവിതകഥയാണ് ‘സെല്ലുലോയ്ഡ്’ പറയുന്നത്. ജെ സി ഡാനിയലായി പൃഥ്വിയും ഭാര്യ ജാനറ്റ് ആയി സംവൃതയും വേഷമിടുന്നു. മലയാള സിനിമയിലെ ആദ്യനായിക റോസിയായി അഭിനയിക്കുന്നതാരെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല.
വിനു ഏബ്രഹാമാണ് സെല്ലുലോയ്ഡിന്‍റെ തിരക്കഥ രചിച്ചത്. ശ്രീനിവാസനും ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.