ലാലേട്ടന്‍ മലയാളി ബോണ്ട്‌ 007 !

Webdunia
PROPRO
ജെയിസ്‌ബോണ്ട്‌ ചിത്രം മലയാളത്തില്‍ എടുക്കുകയാണെങ്കില്‍ ആരായിരിക്കും നായകന്‍? സുന്ദരികളുടെ കിടപ്പറകളിലൂടെ വില്ലനെ തേടി ഇറങ്ങുന്ന സൂപ്പര്‍ ചാരനായി അവതരിക്കാന്‍ യോഗ്യന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ ആയിരിക്കുമോ?

ഇക്കാര്യത്തില്‍ സംശയാലുക്കളായവര്‍ക്കുള്ള മറുപടിയായിരിക്കും ‘സാഗര്‍ ഏലിയാസ്‌ ജാക്കി-റീലോഡഡ്‌’ ! മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ ‘ഇരുപതാംനൂറ്റാണ്ടി’ലെ നായകനെ മലയാളം കണ്ട ഏറ്റവും മികച്ച സ്റ്റൈലിഷ്‌ ഹീറോയാക്കി അവതരിപ്പിക്കാനാണ്‌ സംവിധായകന്‍ അമല്‍ നീരദ്‌ ശ്രമിക്കുന്നത്‌.

മമ്മൂട്ടിയെ ‘ബിഗ്‌ ബി’യിലൂടെ സൂപ്പര്‍ ആക്ഷന്‍ ഹീറോയാക്കി അവതരിപ്പിച്ച അമല്‍ നീരദ്‌ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’യിലൂടെ മോഹന്‍ലാലിനും പുത്തന്‍ സ്റ്റൈല്‍ പകരുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

ഡിസംബറില്‍ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’യുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്. തെന്നിന്ത്യ കൈ നീട്ടി സ്വീകരിച്ച ‘ബില്ല’യെ പോലെ സമ്പൂര്‍ണ്ണ സ്റ്റൈലിഷ്‌ ചിത്രം ഒരുക്കാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ജെയിംസ്‌ബോണ്ടിനെ പോലെ ഹൈടെക്‌ ഹീറോ ആയിരിക്കും സാഗര്‍. ദുബായ്‌, ഗോവ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്‌. തിരുവന്തപുരത്തും സിനിമയുടെ ചിത്രീകരണം നടക്കുമെന്നറിയുന്നു.

‘ഇരുപതാംനൂറ്റാണ്ടി’ന്‍റെ തിരക്കഥാകൃത്തായ എസ്‌ എന്‍ സ്വാമി തന്നെയാണ്‌ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ക്കും തിരക്കഥ ഒരുക്കുന്നത്‌. തിരക്കഥയുടെ അന്തിമഘട്ട മിനുക്കുപണികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

മലയാളിയുടെ ബോണ്ടായി ലാലേട്ടന്‍ വരുന്നത്‌ കാത്തിരിക്കുകയാണ്‌ ആരാധകര്‍.