‘കോബ്ര’ പ്രതീക്ഷിച്ച വിജയമായില്ലെങ്കിലും വലിയ നഷ്ടം വരുത്തില്ല എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വലിയ ടെന്‍ഷനില്ല സംവിധായകന്‍ ലാലിന്. മമ്മൂട്ടിയെ ആദ്യമായി സംവിധാനം ചെയ്യാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവുമുണ്ട്.
മമ്മൂട്ടിച്ചിത്രത്തിന് ശേഷം ലാല്‍ സംവിധാനം ചെയ്യാന്‍ പോകുന്നത് മോഹന്‍ലാല്‍ ചിത്രമാണ്. പക്ഷേ അടുത്ത വര്‍ഷം മധ്യത്തോടെയേ പ്രൊജക്ട് നടക്കൂ.
“അടുത്ത വര്‍ഷം ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനുള്ള കരാറില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ആ സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടില്ല. ഞാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ തിരക്കിലാണ്. അടുത്ത ഏപ്രില്‍ വരെ ഞാന്‍ അഭിനയത്തിന്‍റെ തിരക്കിലായിരിക്കും. അതുകഴിഞ്ഞേ മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുകയുള്ളൂ” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ വ്യക്തമാക്കി.
സിദ്ദിക്കിനോടൊപ്പം ചേര്‍ന്ന് ‘വിയറ്റ്നാം കോളനി’ എന്ന മെഗാഹിറ്റ് ചിത്രം ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ചേരുകയാണ്. വിയറ്റ്നാം കോളനിയെ വെല്ലുന്ന ഹിറ്റാണ് ലാലിന്‍റെ ലക്‍ഷ്യം.