മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയില്‍, സംവിധാനം പ്രിയദര്‍ശന്‍

Webdunia
ചൊവ്വ, 24 ജനുവരി 2012 (12:55 IST)
PRO
2010 ഒടുവില്‍ ദിലീപിന്‍റേതായി ഒരു കോമഡിച്ചിത്രം തിയേറ്ററുകളിലെത്തി. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ജനപ്രീതിയില്‍ കുഞ്ഞാട് അത്ഭുതം സൃഷ്ടിച്ചു. 2010ലെ ഏറ്റവും വലിയ ഹിറ്റായി മേരിക്കുണ്ടൊരു കുഞ്ഞാട് മാറി.

ദിലീപ്, ബിജുമേനോന്‍, ഭാവന, വിജയരാഘവന്‍, ജഗതി എന്നീ താരങ്ങളുടെ ഗംഭീര പ്രകടനവും തിരക്കഥയുടെ ശക്തിയുമാണ് കുഞ്ഞാടിനെ വലിയ ഹിറ്റാക്കിയത്. ദിലീപ് - ബിജുമേനോന്‍ കോമ്പിനേഷന്‍ ഉണര്‍ത്തിയ രസം പ്രേക്ഷകരെ ഹരം കൊള്ളിച്ചു.

പുതിയ വാര്‍ത്ത, ‘കുഞ്ഞാട്’ ഹിന്ദിയിലേക്ക് പറക്കുന്നു എന്നതാണ്. പ്രിയദര്‍ശനാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ‘മലാമല്‍ വീക്‍ലി - 2’ എന്നാണ് ചിത്രത്തിന് പേര്. പ്രിയന്‍ മുമ്പ് ചെയ്ത ‘മലാമല്‍ വീക്‍ലി’യുടെ രണ്ടാം ഭാഗമായാണ് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ വരുന്നത്. പ്രധാന താരങ്ങളെ തീരുമാനിച്ചിട്ടില്ല. രണ്‍ബീര്‍ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് സൂചന.

മലയാളതാരങ്ങളായ ഇന്നസെന്‍റ്, ജഗദീഷ്, സോനാ നായര്‍, സുചിത്ര, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഏറ്റവും വലിയ സര്‍പ്രൈസ്, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ സൂപ്പര്‍താരമായ രാജീവ് പിള്ള ഈ സിനിമയില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ്. ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കും.