മമ്മൂട്ടിയുടെ നായിക ഇനി ജയസൂര്യയ്ക്കൊപ്പം!

തിങ്കള്‍, 8 ജൂലൈ 2013 (17:03 IST)
PRO
ജയസൂര്യ ‘ഡ്യുവല്‍ സിം’ എന്നൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. താനൊരു മികച്ച സംവിധായകനാണെന്ന് ആ ഷോര്‍ട്ട് ഫിലിം കൊണ്ടുതന്നെ ജയസൂര്യ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ജയസൂര്യ വീണ്ടും സംവിധായകനാകുന്നു. ജയസൂര്യ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നൊന്നുമല്ല പറഞ്ഞുവന്നത്. ജയന്‍ സിനിമാ സംവിധായകനായി അഭിനയിക്കുകയാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്ന ചിത്രത്തിലാണ് ജയസൂര്യ സംവിധായകനായി അഭിനയിക്കുന്നത്.

ജോയ് താക്കോല്‍ക്കാരന്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തൃശൂര്‍ സ്ലാംഗിലായിരിക്കും ഈ കഥാപാത്രം സംസാരിക്കുക. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും. ‘കുഞ്ഞനന്തന്‍റെ കട’ എന്ന മമ്മൂട്ടിച്ചിത്രത്തിലെ നായിക നൈല ഉഷ ഈ സിനിമയില്‍ ജയസൂര്യയുടെ നായികയാകും.

പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറായിരിക്കും പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ‘സുധി വാല്മീകം’ എന്ന പ്രൊജക്ടാണ് രഞ്ജിത് ശങ്കര്‍ നേരത്തേ പ്ലാന്‍ ചെയ്തത്. എന്നാല്‍ ആ സിനിമയ്ക്ക് ഏറെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമുള്ളതിനാല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം ആ സിനിമ തുടങ്ങും. പൃഥ്വിയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് സുധി വാല്മീകം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക