മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് നടന്‍ വിജയരാഘവന്‍. അദ്ദേഹം ഈയിടെ ഇളയദളപതി വിജയ് നായകനായ ഭൈരവ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ മലയാളത്തിലെ മെഗാസ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുന്നതുപോലെ സുഖകരമായ അനുഭവമായിരുന്നില്ല വിജയരാഘവന് ഭൈരവയുടെ സെറ്റില്‍ ലഭിച്ചത്.
‘ഭൈരവ’യുടെ സെറ്റില്‍ തനിക്ക് പലപ്പോഴും മലയാള സിനിമയിലെ രസകരമായ അന്തരീക്ഷം മിസ് ചെയ്തു എന്നാണ് വിജയരാഘവന്‍ പറയുന്നത്. മലയാളത്തില്‍ ഷൂട്ടിംഗിന്‍റെ ഇടവേളകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സംസാരിക്കാനും ഫോട്ടോയെടുക്കാനും എല്ലാം എപ്പോഴും തിരക്കായിരിക്കും. ഒരു കുടുംബം പോലെയാണ് മലയാള സിനിമയിലെ സെറ്റ്. എന്നാല്‍ തമിഴ് അങ്ങനെയല്ല.
ഭൈരവയുടെ സെറ്റില്‍ എല്ലാവരും ഓരോ കാരവാനിലായിരുന്നു. തനിക്കും ഒരു കാരവാന്‍ ലഭിച്ചെങ്കിലും വലിയ ശ്വാസം മുട്ടലാണ് ഫീല്‍ ചെയ്തതെന്നും വിജയരാഘവന്‍ പറയുന്നു.
ഇത് വിജയരാഘവന്‍റെ മാത്രം അനുഭവമല്ല. മലയാളത്തില്‍ നിന്ന് അന്യഭാഷകളില്‍ അഭിനയിച്ചിട്ടുള്ള പലരുടെയും അനുഭവം ഇതാണ്. മറ്റ് ഭാഷകളില്‍ കൂടുതല്‍ പ്രൊഫഷണലിസം കാണാന്‍ കഴിയുമായിരിക്കും. എന്നാല്‍ മലയാളത്തിലേതുപോലെ സ്നേഹത്തില്‍ കൊരുത്ത ഒരു കൂട്ടായ്മ ഉണ്ടാകില്ല.