ബിജുമേനോന്‍ അഭിനയിക്കുന്ന ദൃശ്യം, അല്ലെങ്കില്‍ മീനയുള്ള റണ്‍ ബേബി റണ്‍ !

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (14:58 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ മീന നായികയാകുന്നു. ബിജു മേനോന്‍ ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘വെള്ളിമൂങ്ങ’ എന്ന മെഗാഹിറ്റിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
 
മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമണിയുന്ന ചിത്രത്തില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനായാണ് ബിജു മേനോന്‍ എത്തുന്നത്. ഒരേ ഹൌസിംഗ് കോളനിയിലെ താമസക്കാരാണിവര്‍. മോഹന്‍ലാലിന്‍റെ ഭാര്യയായി മീന അഭിനയിക്കുന്നു.
 
ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഭാര്യാഭര്‍ത്താക്കന്‍‌മാരായി അഭിനയിക്കുന്ന സിനിമയാണിത്. ദൃശ്യത്തില്‍ ബിജു മേനോന്‍ ഉണ്ടായിരുന്നില്ല. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകൂടിയാണിത്. ആ ചിത്രത്തില്‍ മീനയും ഉണ്ടായിരുന്നില്ല.
 
ചുരുക്കത്തില്‍ ബിജു മേനോന്‍ ഉള്ള ദൃശ്യവും മീനയുള്ള റണ്‍ ബേബി റണ്ണുമായിരിക്കും ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ സിനിമ എന്ന് പ്രതീക്ഷിക്കാം. എം സിന്ധുരാജാണ് ചിത്രത്തിന്‍റെ തിരക്കഥ. ജൂണ്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.