നേഹയ്ക്ക് എന്തുപറ്റി ?

Webdunia
വ്യാഴം, 12 മാര്‍ച്ച് 2009 (19:32 IST)
IFM
ജൂലി എന്ന സിനിമയില്‍ ഗ്ലാമറിന്‍റെ അവസാന വാക്കെന്നോണം തകര്‍ത്തഭിനയിച്ച നേഹ ധൂപിയക്ക് എന്തുപറ്റി ? നേഹ ഇപ്പോളൊരു കുമ്പസാര മൂഡിലാണ്.

മിസ് ഇന്ത്യ കിരീടം തലയിലണിഞ്ഞ് ബോളിവുഡിന്‍റെ നക്ഷത്ര പ്രഭയിലേക്ക് നടന്നിറങ്ങിയ സുന്ദരിക്ക് തുറന്നു കാട്ടലുകള്‍ പ്രശ്നമേ അല്ലായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിച്ച ഈ സുന്ദരിക്കുട്ടി ഇപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ്.

ബോളിവുഡില്‍ കാലെടുത്തുവച്ച നാളുകളിലെ തീരുമാനം തെറ്റായി പോയി എന്ന് ഉറക്കെ വിളിച്ചു പറയാന്‍ നേഹ തയ്യാറാണ്. എന്നാല്‍, ഈ മനം മാറ്റത്തിനു പിന്നിലെ കഥയെന്തെന്ന് ആര്‍ക്കും അറിയില്ല.

ജൂലിയിലെയും ശീഷയിലെയും ത്രസിപ്പിക്കുന്ന റോളുകള്‍ കൈകാര്യം ചെയ്ത നേഹ അക്കാലത്ത് അതിനെ ന്യായീകരിച്ചായിരുന്നു സംസാരിച്ചിരുന്നത്. അത്തരം വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മടിയില്ല എന്ന് തുറന്നടിച്ച അന്നത്തെ നേഹ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ഇമേജാണ് ഉണ്ടാക്കിയിരുന്നത്.

എന്നാലിപ്പോള്‍, തനിക്കാരും ഉപദേശം തരാനില്ലായിരുന്നു എന്ന ന്യായീകരണമാണ് നേഹയുടേത്. മിസ് ഇന്ത്യ ആയിരുന്നു എന്നു പറഞ്ഞതുകൊണ്ട് ആരും നല്ല ഓഫറുകള്‍ വിളിച്ചു തരാനില്ലായിരുന്നു എന്നും ഈ സുന്ദരി പരാതിപ്പെടുന്നു. ഇപ്പോള്‍, “രാത് ഗയി ബാത്ഗയി”, “ പേയിംഗ് ഗസ്റ്റ്സ്” തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ കൈയ്യിലുണ്ടെന്നും നേഹ പറയുന്നു.

പക്ഷേ, സെക്സ് ബോംബ് എന്ന് ചാര്‍ത്തിക്കിട്ടിയ വിശേഷണം മാറ്റാന്‍ ഈ കുമ്പസാരത്തിന് കഴിയുമോ എന്ന് കണ്ട് തന്നെയറിയണം.