നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രം ‘പ്രേമം’ മെഗാഹിറ്റിലേക്ക്. കേരളക്കരയെ ഇളക്കിമറിക്കുന്ന വിജയമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡിച്ചിത്രം നേടുന്നത്. സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ ഒരു വിഷയമേയുള്ളൂ - പ്രേമം !
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പല സെന്‍ററുകളിലും ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുകഴിഞ്ഞു. ദൃശ്യത്തിനും ബാംഗ്ലൂര്‍ ഡെയ്സിനും ശേഷം ഭൂമികുലുക്കുന്ന ഒരു വിജയം വീണ്ടും മലയാള സിനിമയെ അനുഗ്രഹിക്കുന്നത് ഇപ്പോഴാണ്.
പ്രേമം മെഗാഹിറ്റായതോടെ മലയാളത്തിന് ഒരു പുതിയ സൂപ്പര്‍സ്റ്റാറിനെക്കൂടി ലഭിച്ചിരിക്കുകയാണ് - നിവിന്‍ പോളി. തൊടുന്നതെല്ലാം പൊന്നാക്കുന്ന അത്ഭുതമാണ് ഓരോ സിനിമയിലൂടെയും നിവിന്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പ്രേമത്തിനൊപ്പം ഇറങ്ങിയ ‘ഇവിടെ’ എന്ന ത്രില്ലറിലും ഗംഭീര പെര്‍ഫോമന്‍സാണ് നിവിന്‍ നടത്തുന്നത്.
2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമാപ്രയാണം ആരംഭിക്കുന്നത്. ആ സിനിമ സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത്, ടാ തടിയാ, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, മിലി, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി തുടര്‍ച്ചയായ തകര്‍പ്പന്‍ ഹിറ്റുകള്‍.
പ്രേമത്തില്‍ ജീവിതത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പണ്ട്, മോഹന്‍ലാല്‍ കാഴ്ചവച്ച മാജിക്കാണ് അഭിനയത്തില്‍ നിവിന്‍ പോളി കാണിക്കുന്നത്. പ്രേമം മലയാളത്തിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുമ്പോള്‍ മോഹന്‍ലാലിനെപ്പോലെ മാസിനും ക്ലാസിനും പ്രിയപ്പെട്ട ഒരു സൂപ്പര്‍താരത്തിന്‍റെ ജനനം കൂടിയാകുന്നു അത്.