‘ദൃശ്യം’ എന്ന ചിത്രത്തിലെ ജോര്‍ജ്ജുകുട്ടിയാകാന്‍ സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മഹാനടനായ മമ്മൂട്ടിയെയാണ്. എന്നാല്‍ അത്തരം കുടുംബകഥാപാത്രങ്ങള്‍ ഒരുപാട് ചെയ്തുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ മമ്മൂട്ടി ആ സിനിമ വേണ്ടെന്നുവച്ചു. അത് മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകുകയും ചെയ്തു.
എന്തായാലും ആ പാളിച്ച വീണ്ടും ആവര്‍ത്തിക്കാന്‍ മമ്മൂട്ടി തയ്യാറാവില്ല. അതുകൊണ്ടാണ് ‘പുതിയ നിയമം’ എന്ന കഥ കേട്ടയുടന്‍ തന്നെ അതിന് സമ്മതം മൂളിയത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍, ഒരുപക്ഷേ ദൃശ്യത്തിനും മുകളില്‍ നില്‍ക്കുന്ന ഒരു ഫാമിലി ത്രില്ലറാണത്രേ പുതിയ നിയമം.
മിശ്രവിവാഹിതരായ അഡ്വ.ലൂയിസ് പോത്തന്‍റെയും വാസുകിയുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. ആ കെണിയില്‍ നിന്ന് അവര്‍ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ലൂയിസ് പോത്തനായി മമ്മൂട്ടിയും ഭാര്യ വാസുകിയായി നയന്‍താരയും അഭിനയിക്കുന്നു. ഈ ചിത്രത്തിന്‍റെ പ്ലോട്ട് എ കെ സാജന്‍ പറഞ്ഞപ്പോള്‍ തന്നെ മറ്റ് ചിത്രങ്ങളെല്ലാം മാറ്റിവച്ച് ഇത് ആരംഭിക്കാന്‍ മമ്മൂട്ടി തയ്യാറാകുകയായിരുന്നു.
തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ചിത്രത്തില്‍ ഗംഭീരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും ഈ 30ന് അധികം ആഘോഷമേളങ്ങളൊന്നുമില്ലാതെ എത്തുന്ന പുതിയ നിയമം മലയാള സിനിമയില്‍ പുതിയ വിജയചരിത്രം കുറിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.