ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം, അനൂപ് മേനോന്‍ തിരക്കഥാ രചനയില്‍

Webdunia
ശനി, 12 ഡിസം‌ബര്‍ 2015 (15:18 IST)
ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു. അനൂപ് മേനോന്‍ തന്നെ നായകനാകുന്ന ചിത്രം വി കെ പ്രകാശ് സംവിധാനം ചെയ്യും. ജയസൂര്യ, സൈജു കുറുപ്പ്, ഹണി റോസ്, തെസ്നി ഖാന്‍ തുടങ്ങിയവര്‍ ഈ സിനിമയിലും ഉണ്ടാകും. ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ അനൂപ് മേനോന്‍ എന്നാണ് വിവരം.
 
ഈ സിനിമയ്ക്ക് ഒന്നാം ഭാഗവുമായി വലിയ ബന്ധമൊന്നുമുണ്ടാകില്ല. ആദ്യത്തെ കഥയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വിഷയമായിരിക്കും ഈ ചിത്രത്തെ നയിക്കുന്നത്. ആദ്യഭാഗത്തില്ലാത്ത ചില താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും.
 
മലയാള സിനിമയില്‍ ആഹ്ലാദകരമായ നടുക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. തുറന്നുപറച്ചിലുകള്‍ കൊണ്ട് ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ചിത്രം. എന്തായാലും ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന അനൂപ് മേനോന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കുന്നത്.