ടി പി ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമാണ് വരുന്ന മേയ് നാല്. കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പത്രങ്ങളുടെ മുന്‍പേജുകളില്‍ ടി പി നിറഞ്ഞുനില്ക്കുന്നു. ചാനലുകളിലെല്ലാം ടി പി എന്ന പേര് നിരന്തരം കേള്‍ക്കുന്നു. ടി പി കേസില്‍ കൂറുമാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കേസിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ടി പി ചന്ദ്രശേഖരനായി മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഐ വി ശശി സംവിധാനം ചെയ്യുന്ന സിനിമയിലാണത്രേ മമ്മൂട്ടി ടി പിയാകാനൊരുങ്ങുന്നത്. ടി പി കൊല്ലപ്പെടുന്നതിനും വളരെക്കാലം മുമ്പ് ടി ദാമോദരന്‍ എഴുതിയ ഒരു തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഐ വി ശശി സിനിമ ചെയ്യുന്നത്.
ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ രക്തസാക്ഷിത്വത്തേക്കുറിച്ചാണ് ടി ദാമോദരന്‍ ഒരു വണ്‍ലൈന്‍ രചിച്ചത്. അതിന് ശേഷം ഏറെക്കാലം കഴിഞ്ഞാണ് ടി പി കൊല്ലപ്പെടുന്നത്. അത്ഭുതകരമായ സാമ്യമായിരുന്നു ആ തിരക്കഥയും ടി പിയുടെ കൊലപാതക സംഭവവും തമ്മില്‍.
ഐ വി ശശിയെ കോഴിക്കോട് വച്ച് ആദരിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനും ഒരു അഭ്യര്‍ത്ഥനയേ നടത്തിയുള്ളൂ - ശശി വീണ്ടും സജീവമാകണം.
എന്തായാലും എല്ലാവരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഐ വി ശശി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടി പി ചന്ദ്രശേഖരന് വധമാണ് സിനിമയുടെ വിഷയം. ടി ദാമോദരര് രചിച്ച തിരക്കഥ പൂര്‍ത്തിയാക്കുന്നത് മകള്‍ ദീദി ദാമോദരനാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ രാഷ്ട്രീയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ക്രീനില്‍ വീണ്ടും ഐ വി ശശി മാജിക്കിനായി കാത്തിരിക്കാം. ഈ പ്രൊജക്ടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാനാണ് ഐ വി ശശി ആലോചിക്കുന്നത്.