കമല്ഹാസന് ഇപ്പോള്‍ ഉറങ്ങാനാവാത്ത രാത്രികളാണ്. ‘തൂങ്കാവനം’ എന്ന ആക്ഷന്‍ ത്രില്ലറിന്റെ ഷൂട്ടിംഗിലാണ് താരം. ചെന്നൈയിലെ ഒരു വമ്പന്‍ സെറ്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. 40 ദിവസം ഇവിടെ ഷൂട്ടിംഗ് നീണ്ടുനില്‍ക്കും. ത്രിഷ, പ്രകാശ് രാജ്, കിഷോര്‍, ഉമാ റിയാസ് തുടങ്ങിയ താരങ്ങളും ഈ ഷെഡ്യൂളില്‍ പങ്കെടുക്കുന്നുണ്ട്. നവാഗതനായ രാജേഷ് ശെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കമല്ഹാസന് തന്നെയാണ്. ജിബ്രാന് സംഗീതം നല്കുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് സനു വര്‍ഗീസ്.
സ്ലീപ്ലെസ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമയുടെ തമിഴ് റീമേക്കാണ് തൂങ്കാവനം. ഫെഡ്രിക് ജാര്ഡിന് 2011ല്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണ് സ്ലീപ്ലെസ് നൈറ്റ്. ഒരു നിമിഷം പോലും സ്ക്രീനില്‍നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാത്തത്ര ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് ആ സിനിമ സമ്മാനിക്കുന്നത്. അധോലോകവും പൊലീസും മയക്കുമരുന്ന് കള്ളക്കടത്തും മാനുഷിക ബന്ധങ്ങളുമൊക്കെയാണ് ചിത്രം വിഷയമാക്കുന്നത്.
തന്റെ മകന്റെ രക്ഷയ്ക്ക് വേണ്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന് നടത്തുന്ന സാഹസികസഞ്ചാരങ്ങളാണ് സിനിമയുടെ പ്രമേയം. പൊലീസ് ഉദ്യോഗസ്ഥനായാണ് കമല്ഹാസന് അഭിനയിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറക്കും. സ്ലീപ്ലെസ് നൈറ്റിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ ഗില്ലീസ് കോണ്‍സീല്‍, സില്‍വെയ്ന്‍ ഗാബറ്റ്, വിര്‍ജീന്‍ ആര്‍നോഡ് എന്നിവര്‍ തന്നെയാണ് തൂങ്കാവനത്തിലും ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്.