അസിനും ധോണിയും പ്രേമക്കുരുക്കില്‍?

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (12:58 IST)
PRO
PRO
ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാതിരുന്ന അസിന്‍ ഇതാ ആദ്യമായി ഗോസിപ്പിന് ഇരയാകുന്നു. അതും ഗോസിപ്പിന്റെ ‘സിക്സറാ’ണ് അസിനെ പിന്തുടരുന്നത്. ചെറിയ ആളൊന്നുമല്ല ഗോസിപ്പിലെ നായകന്‍! ക്രിക്കറ്റില്‍ നിന്ന് സച്ചിനേക്കാള്‍ സമ്പാദിച്ച യുവതാരം ധോണിയാണ് കഥാപാത്രം. ഇതുവരെ തെന്നിന്ത്യന്‍ താരം ലക്ഷ്മീറായിയുടെ ഗോസിപ്പ് നായകനായിരുന്നു കക്ഷി. എന്നാലിപ്പോള്‍ ലക്ഷ്മീറായിക്ക് നേരെ അടിച്ചിരുന്ന ധോണിക്കാറ്റ് ഇപ്പോള്‍ വീശിയടിക്കുന്നത് അസിനെ ചുറ്റിപ്പറ്റിയാണെന്ന് ബോളിവുഡ് അടക്കം പറയുന്നു.

ലക്ഷ്മീറായിക്കും തനിക്കും ഇടയില്‍ ‘കടുത്ത’ സൌഹൃദമാണെന്നും ഇതിനെ പ്രേമമെന്ന് വിളിക്കണോ സൌഹൃദമെന്ന് വിളിക്കണോ എന്ന് അറിയില്ല എന്നുമൊക്കെ ധോണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തത്വശാസ്ത്ര പ്രസംഗങ്ങള്‍ നടത്താറുണ്ടായിരുന്നു. ധോണി ചെന്നൈയില്‍ വരുമ്പോഴെല്ലാം ലക്ഷ്മീറായിക്കൊപ്പം ഭക്ഷണം കഴിക്കാതിരിക്കില്ലത്രേ. ഷോപ്പിംഗും ഡിസ്കോത്തെക്കും ഒക്കെയായി ആഘോഷിച്ച ആനാളുകള്‍ ലക്ഷ്മീറായിക്ക് പൊയ്പ്പോകുകയാണ്.

അസിനോടൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതോടെ ധോണി ആളാകെ മാറിയെന്നാണ് ലക്ഷ്മീറായിയുമായി സൌഹൃദമുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ ധോണിയുടെ ഫോണ്‍ വരാറില്ല ലക്ഷ്മീറായിക്ക്. എന്നാല്‍ അസിനും ധോണിയും മണിക്കൂറുകളോളം മൊബൈലില്‍ കൊഞ്ചിക്കുഴയുകയാണെന്നും റിപ്പോര്‍ട്ടുകള്‍. ധോണിയും അസിനും സ്വകാര്യമായിട്ടാണ് അസിന്റെ പിറന്നാള്‍ കൊണ്ടാടിയതത്രേ! പോരേ പൂരം?

എന്തായാലും ബോളിവുഡില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന അസിനും ക്രിക്കറ്റില്‍ സച്ചിനെയും പിന്തള്ളി കുതിച്ചുകൊണ്ടിരിക്കുന്ന ധോണിയും നല്ല ജോഡികള്‍ തന്നെയെന്ന് ചിലര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ധോണി തന്റെ പഴയ സ്വഭാവം കാട്ടിയാല്‍ മറ്റൊരു ലക്ഷ്മീറായിയാകും അസിനെന്ന് സംശയമില്ല. എല്ലാകാര്യങ്ങളിലും ബുദ്ധികൂര്‍മത പ്രകടിപ്പിക്കുന്ന അസിന്‍ പ്രേമക്കാര്യത്തിലും ‘വേണ്ടത്’ ചെയ്യുമെന്ന് അസിനൊട് ബന്ധമുള്ള വൃത്തങ്ങള്‍ ആണയിടുന്നു.