പതിനായിരക്കണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2011 (15:35 IST)
PRO
PRO
പതിനായിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞു. ഹരിശ്രീ ഗണപതായേ നമ: എന്ന് അരിയില്‍ എഴുതിയാണ് വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് കടന്നത്.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാ‍പനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. വിവിധയിടങ്ങളില്‍ സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തി. ഭാഷാ പിതാവിന്റെ ഭൂമിയായ തുഞ്ചന്‍പറമ്പില്‍ എം ടി വാസുദേവന്‍ നായര്‍, പി കെ ഗോപി, പി പി ശ്രീധരനുണ്ണി, ബി എം സുഹറ എന്നിവരും കൃഷണശിലാ മണ്ഡപത്തില്‍ പാരമ്പര്യ ആശാന്മാരും കുട്ടികളെ എഴുത്തിനിരുത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികളെ എഴുത്തിനിരുത്തി.

കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വാഗ്ദേവതയുടെ അനുഗ്രഹം തേടി നിരവധി കുരുന്നുകളാണ് ക്ഷേത്രത്തിലെത്തിയത്. ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു.