ജലത്തെ അറിയൂ, സൂക്ഷിക്കൂ...

Webdunia
WD
ജലത്തിന്‍റെയും വായുവിന്‍റെയും ശാസ്ത്രമെന്ന് വേണമെങ്കില്‍ ഫെംഗ്‌ഷൂയിയെ വിശേഷിപ്പിക്കാം. ഇങ്ങനെ പറയുമ്പോള്‍ തന്നെ ജലത്തിന് ഫെംഗ്‌ഷൂയിയില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഭൌതിക നേട്ടങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ഒരു ഫെംഗ്ഷൂയി ഘടകമാണ് ജലം. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ല എങ്കില്‍ അഗ്നിയെ പോലെയോ അതിലധികമോ അപകടകാരിയാവാനും ജലത്തിനു കഴിയും. അതിനാല്‍, വളരെ സൂക്ഷിച്ചു മാത്രമേ ജലത്തെ കൈകാര്യം ചെയ്യാവൂ എന്ന് ഫെംഗ്‌ഷൂയി വിദഗ്ധര്‍ പറയുന്നു.

ഫെംഗ്ഷൂയി പ്രകാരം ജലസാന്നിധ്യം വേണ്ടത് വടക്ക് ദിക്കിലാണ്. ജലസാന്നിധ്യം വീടിനുള്ളിലെ ഊര്‍ജ്ജനില ഉയര്‍ത്തുകയും അംഗങ്ങള്‍ തമ്മില്‍ സൌഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. കിഴക്ക്, തെക്ക്-കിഴക്ക് ദിക്കുകള്‍ മരത്തിന്‍റേതായാണ് കരുതുന്നത്. ഇവിടെ ജല സാന്നിധ്യമുണ്ടാവുന്നത് ആരോഗ്യം, ഭാഗ്യാനുഭവങ്ങള്‍, ധനലബ്ധി എന്നിവയ്ക്ക് അനുകൂലമാണ്.

ധനത്തിന്‍റെ നക്ഷത്രങ്ങള്‍ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഫെംഗ്ഷൂയി വിശ്വാസം. സമ്പത്ത് വര്‍ദ്ധിപ്പിക്കാനും ഭാഗ്യാനുഭവങ്ങള്‍ അടിക്കടി ഉണ്ടാവാനും വീടുകളില്‍ ഫൌണ്ടന്‍, അക്വേറിയം എന്നിവ ഒരുക്കുന്നത് നല്ലതാണ്.

എന്നാല്‍ ജല സാന്നിധ്യം അധികമായാല്‍ മുങ്ങി മരിക്കാനുള്ള സാധ്യത ഉണ്ടാവുമെന്ന സാമാന്യ തത്വവും പ്രയോഗിക്കണം. ജലസാന്നിധ്യവും ജലത്തിന്‍റെ നിറങ്ങളും വീടുകളില്‍ ആവശ്യമായ അളവില്‍ മാത്രം ഉപയോഗിക്കുക. കൂടുതലായാല്‍, വിപരീത ഫലമായിരിക്കും ഉണ്ടാവുക.

ക്വാ നമ്പര്‍ 1 ഉള്ളവര്‍ ജലത്തെ അവഗണിച്ചുകൂട. കറുപ്പും നീലയുമാണ് ജലത്തിന്‍റെ നിറങ്ങള്‍. ഇവ ഒരിക്കലും മുകള്‍ തട്ടിന്‍റെ നിറമാക്കരുത് എന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു-ജലം നമുക്ക് മീതെയാവരുതല്ലോ.

ക്വാ നമ്പര്‍ അറിയണോ?