വയനാട് ലോക്സഭാ മണ്ഡലത്തില്‍ എന്‍ സി പി സ്ഥാനാര്‍ത്ഥി കെ മുരളീധരനുമായി മുസ്ലീം ലീഗിന് രഹസ്യധാരണയില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിനെ എല്‍ ഡി എഫ് ഭയപ്പെടുന്നുണ്ട്. അവിടെ എന്‍ സി പിയുമായി ലീഗ് ധാരണയുണ്ടാക്കിയിട്ടില്ല. വയനാട്ടില്‍ കെ മുരളീധരന് വോട്ട് നല്‍കാന്‍ ലീഗ് രഹസ്യധാരണയുണ്ടാക്കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയമുണ്ടായാല്‍ വിജയിക്കുന്നത് വര്‍ഗീയതയും തീവ്രവാദവും ആയിരിക്കും. ഇത് ജനങ്ങള്‍ തീരുമാനിക്കേണ്ട സംഗതിയാണ്. ജനവികാരം എതിരാണെന്ന് കണ്ടപ്പോള്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് എല്‍ ഡി എഫ് ചെയ്യുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പി ഡി പിയുടെ നിലപാടുകളെ ആദ്യം മുതല്‍ മുസ്ലീം ലീഗ് എതിര്‍ത്തിരുന്നു. അതുകൊണ്ടാണ് പി ഡി പിക്ക് ലീഗ് മുഖ്യശത്രുവായത്. മദനിയുടെ മോചനത്തിനായി നടത്തിയ മാനുഷിക സമീപനങ്ങളെ ലീഗ് പിന്തുണച്ചിരുന്നു. ഇക്കാര്യത്തിനായി ലീഗ് നേതാക്കള്‍ മുമ്പ് കേന്ദ്രമന്ത്രിയെ കണ്‌ടിരുന്നതായും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.