മദനിക്കെതിരെ അന്വേഷണം നടത്തും: മുഖ്യമന്ത്രി

Webdunia
വ്യാഴം, 9 ഏപ്രില്‍ 2009 (15:17 IST)
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ പുതിയ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ കേസില്‍ മദനി നിരപരാധിയാണ്. എന്നാല്‍, മദനിയെക്കുറിച്ചുള്ള പുതിയ ആരോപണങ്ങള്‍ അന്വേഷിക്കും. മദനിക്കെതിരെയുള്ള അന്വേഷണം നിര്‍ത്തി എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പക്ഷേ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി താന്‍ അന്വേഷണം തുടരും - അച്യുതാനന്ദന്‍ പറഞ്ഞു.

പി ഡി പിയുടെ ആക്‌ടിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആര്‍ എസ് പി ദേശീയ അധ്യക്ഷന്‍ ടി ജെ ചന്ദ്രചൂഡനെതിരെ നടത്തിയ പരാമര്‍ശം അതിരു കടന്നതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ ആര്‍ എസ് പിയെ പി ഡി പി വിമര്‍ശിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് പിയെ പോലുള്ള ഒരു ദേശീയ പാര്‍ട്ടിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അല്പം കൂടി പക്വത കാണിക്കണമായിരുന്നു. പൂന്തുറ സിറാജ് തന്‍റെ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂതകാലം അത്ര സുഖകരമല്ലാത്ത പാര്‍ട്ടികള്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.