ചിത്രം വ്യക്തം: ഗോദയില്‍ 223 പേര്‍

Webdunia
ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് മത്സരരംഗത്ത് 20 മണ്ഡലങ്ങളിലായി 223 പേര്‍. പ്രധാനമായും അപരന്‍മാരാണ് ഇന്ന് പത്രികകള്‍ പിന്‍വലിച്ചത്.

ആലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് മനോജിന്‍റെ രണ്ട് അപരന്‍മാരും, കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുരേഷ് കുറുപ്പിന്‍റെ അപരനും, പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്‍റെ അപരനും പത്രിക പിന്‍വലിച്ചു. അതേസമയം, പത്രിക പിന്‍വലിച്ചതില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ ആരും ഇല്ല.

വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാര്‍ത്ഥി ടി നസിറുദ്ദീനാണ് പത്രിക പിന്‍വലിച്ചവരില്‍ പ്രധാനി. യു ഡി എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ നസിറുദ്ദീന്‍ തീരുമാനിച്ചത്.

കോട്ടയത്താ‍ണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. 20 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് മലപ്പുറത്താണ്. നാലുപേര്‍ മാത്രമാണ് ഇവിടെയുള്ളത്‍.

പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം താഴെ പറയും വിധമാണ്.

തിരുവനന്തപുരം - 16, ആറ്റിങ്ങല്‍ - 14, എറണകുളം - 10, ചാലക്കുടി - 11, വയനാട് - 14, ആലപ്പുഴ - 6, പത്തനംതിട്ട - 12, പാലക്കാട് - 10, ആലത്തൂര്‍ - 9, പൊന്നാനി - 13, കാസര്‍കോട് - 7, ഇടുക്കി - 11, വടകര - 8, മാവേലിക്കര - 7, കൊല്ലം - 11, കോട്ടയം - 20, കോഴിക്കോട് - 16, മലപ്പുറം - 4, കണ്ണൂര്‍ - 9, തൃശൂര്‍ - 11.