ദിലീപിന് ആശ്വസിക്കാം, തെളിവുകള്‍ ഇല്ലാത്തത് മാത്രമല്ല കാരണങ്ങള്‍...

ആര്യ നമ്പൂതിരി
ശനി, 8 ജൂലൈ 2017 (12:45 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും അഭ്യൂഹങ്ങളും കൊടും‌പിരി കൊള്ളുകയാണ്. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നടന്‍ ദിലീപ് നിരപരാധിയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. നിലവില്‍ ദിലീപിനെതിരായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നു കരുതി സംശയത്തിന്റെ നിഴലില്‍ നിന്ന് അദ്ദേഹം മാറിയിട്ടുമില്ല. 
 
തെളിവുകള്‍ ഇല്ലാത്തത് മാത്രമല്ല കാരണം. തന്റെ കഷ്ടകാലം മാറി കിട്ടുന്നതിനായി അദ്ദേഹം കഴിഞ്ഞ ദിവസങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ ആദ്യമെത്തിയത് ഭാര്യ കാവ്യ മാധവനൊപ്പമാണ്. 28 സ്വര്‍ണത്താലി സമര്‍പ്പിക്കുകയും ശത്രുസംഹാര പൂജ നടത്തുകയും ചെയ്തു. ഏതായാലും അതിന്റെ എല്ലാം ഗുണങ്ങള്‍ കണ്ടുവരുന്നുവെന്ന് വേണം കരുതാന്‍. ദൈവങ്ങള്‍ ദിലീപിനൊപ്പമാണ്. 
 
തന്റെ കഠിനാധ്വാനം കൊണ്ടും സിനിമയോടുള്ള പാഷന്‍ കൊണ്ടും ദിലീപ് എന്ന നടന്‍ വളര്‍ന്നു. ആ വളര്‍ച്ച മലയാളികളുടെ ഹ്രദയത്തിലേക്കായിരുന്നു. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രീയപ്പെട്ട നടനായി മാറി. അങ്ങനെ അദ്ദേഹത്തെ എല്ലാവരും ജനപ്രിയ നായകന്‍ എന്നു വിളിച്ചു. കുടുംബങ്ങള്‍ക്ക് ആര്‍ത്തു ചിരിക്കാനും ചിന്തിക്കാനുള്ളതെല്ലാം ദിലീപ് ചിത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. 
 
ദിലീപിന് ഇത് കഷ്ടകാലമാണ്. ഇപ്പോള്‍ മാത്രമല്ല ഇത് ആരംഭിച്ചത്. കഷ്ടകാലം തുടങ്ങിയിട്ട് വര്‍ഷം കുറെ ആയി. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് മഞ്ജുവിനെ വിവാഹം കഴിച്ച് വീട്ടില്‍ അടച്ചിട്ടുവെന്നായിരുന്നു ആദ്യമുയര്‍ന്ന ആരോപണം. അവിടെ നിന്നും വിവാദങ്ങളുടെ കളിത്തോഴന്‍ ആവുകയായിരുന്നു ദിലീപ്. എന്തായാലും കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദിലീപ് വിഷയത്തിന് ഒരു അറുതി വന്നിരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം. 
 
ദിലീപിനെ നശിപ്പിക്കാനുള്ള തിടുക്കം ആര്‍ക്കൊക്കെയോ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരൊക്കെയോ ചേര്‍ന്നെഴുതിയ തിരക്കഥയുടെ ആദ്യത്തെ ക്ലൈമാക്സില്‍ ദിലീപും മഞ്ജു വാര്യര്യും വേര്‍ പിരിഞ്ഞു. അദ്ദേഹത്തെ നശിപ്പിക്കാന്‍ പലരും ശ്രമിച്ചു. അത് ദിലീപും പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്നെ സിനിമയില്‍ നിന്നും പൂര്‍ണമായും തുടച്ച് മാറ്റാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്. അവരുടെ ആഗ്രഹത്തിന്റെ കാരണമറിയില്ല. അറിഞ്ഞു കൊണ്ട് ഒന്നും ചെയ്തിട്ടില്ല’ എന്നായിരുന്നു ദിലീപ് പറഞ്ഞത്. 
 
ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോള്‍ വിവാദങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് പലരും കരുതി. എന്നാല്‍, രണ്ടാമത്തെ അധ്യായം അവിടെ ആരംഭിക്കുകയായിരുന്നു. ദിലീപ് എന്ന നടനെ സിനിമയില്‍ നിന്നും പൂര്‍ണമയി ഔട്ട് ആക്കുക എന്നതാണ് ലക്ഷ്യമെന്ന് പലര്‍ക്കും വ്യക്തമാകുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള നാടകങ്ങള്‍. ‘എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു’ എന്ന് ദിലീപ് പറയുന്നുണ്ടെങ്കിലും അത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. അറിയാഞ്ഞിട്ടാണോ അതോ പറയാഞ്ഞിട്ടാണോ എന്നത് അദ്ദേഹത്തിന് മാത്രമറിയാം. 
 
എന്നിരുന്നാലും ഓരോ ദിലീപ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് മുന്നോടി ആയിട്ടാകും അദ്ദേഹത്തിനെതിരെ പുതിയ വിവാദങ്ങള്‍ ഉണ്ടാകുക എന്നതും ശ്രദ്ദേയമാണ്. കാവ്യയുടെയും ദിലീപിന്റേയും വിവാഹമായിരുന്നു പാപ്പരാസികളുടെ അടുത്ത ചര്‍ച്ചാ വിഷയം. ദിലീപ് തെറ്റുകാരനാണെന്ന് ആദ്യമൊക്കെ പറഞ്ഞവര്‍ തന്നെ പിന്നീട് മറിച്ചു ചിന്തിച്ചു ‘ ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഒനു മനുഷ്യനില്ലേ? സെലിബ്രിറ്റി ആയി പോയത് അയാളുടെ കുറ്റമാണോ?.’   
 
എന്നാല്‍, അതിനു ശേഷം വന്നതായിരുന്നു ദിലീപിനെ പോലും കുടുക്കുന്ന വിവാദം. കൊച്ചിയില്‍ അര്‍ധരാത്രി പ്രമുഖയായ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചത് മലയാള സിനിമയെ മാത്രമല്ല, മലയാളികളെ മൊത്തം ഞെട്ടിക്കുന്നതായിരുന്നു. പ്രതി ആരാണെന്ന് തിരിച്ചറിയുന്നതിന് മുന്നേ കുറ്റം ദിലീപിന്റെ തലയില്‍ ആവുകയായിരുന്നു. പള്‍സ്ര് സുനിയെന്ന സുനില്‍ കുമാറിനെ പിടിച്ചപ്പോള്‍ പണത്തിന് വേണ്ടി ചെയ്തതാണെന്ന് അവന്‍ പറഞ്ഞു. അതോടെ ദിലീപിനെ പലരും മറന്നു. 
 
പക്ഷേ, രണ്ട് മാസങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്തുവന്നതോടെ രക്ഷപെടാന്‍ പഴുതില്ലാതെ ദിലീപ് പെട്ടുവെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ കരുതി. പിന്നീട് കേരള പൊലീസിന്റെ വക മാരത്തോണ്‍ കണക്കെ ചോദ്യം ചെയ്യല്‍ ആയിരുന്നു. എന്നാല്‍, തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അദ്ദേഹത്തിന് എതിരായ തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. 
 
തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ കത്തെഴുതിയതെന്ന് സുനിയുടെ സഹതടവുകാരന്‍ വിപിന്‍ ലാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിയുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ദിലീപ് ആണെന്ന് കരുതുന്നില്ലെന്നും വിപിന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി മാത്രമല്ല, ജയില്‍ അധികൃതരും ആ ഭീഷണിക്ക് കൂട്ടുനിന്നു എന്നതാണ് ഇതില്‍ സംശയം ജനിപ്പിക്കുന്നത്.
 
ജയിലില്‍ നിന്ന് കത്തെഴുതുക അത്ര എളുപ്പമുള്ള കാര്യമല്ല. ജയില്‍ സീല്‍ രേഖപ്പെടുത്തിയ പേപ്പര്‍ കത്തെഴുതുന്നതിന് വേണ്ടി സുനി എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല എന്നായിരുന്നു ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. വിപിന്‍ ലാലിന്റെ മൊഴിയുടെ വിശ്വാസ്യത എത്രത്തോളം ഉണ്ട് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എങ്കിലും എന്തുകൊണ്ടാണ് ജയില്‍ അധികൃതരെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന നിര്‍ണായകമായ ചോദ്യമാണ്.
 
തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് തന്നെ നേരത്തെ പറഞ്ഞിരുന്നു. വിപിന്‍ ലാലിന്റെ മൊഴി ശരിയാണെങ്കില്‍ അത്തരത്തിലും അന്വേഷണം നീളേണ്ടി വരും എന്ന് ഉറപ്പാണ്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ചത് പോലീസിന്റെ അറിവോടെ ആണെന്ന് നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.
Next Article