ജീവിതം സന്ദേശമാക്കിയ ഗാന്ധി

Webdunia
വെള്ളി, 30 ജനുവരി 2015 (09:13 IST)
‘’എന്റെ ജീവിതമാണ് എന്റെ സന്ദേശം‘’ ലോകത്ത് ഇന്നേവരെ ആരും നല്‍കാന്‍ ധൈര്യപ്പെടാതിരുന്ന സന്ദേശം ചരിത്രത്തില്‍ ഒരാള്‍ മാത്രമെ നല്‍കിയിട്ടുള്ള്. കാലം ആ യുഗപുരുഷനെ അടയാളപ്പെടുത്തിയത് മോഹന്ദാസ് കരംചന്ദ് ഗാന്ധി എന്ന പേരിലാണ്. എന്നാല്‍, എന്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അത് നല്‍കിയ സന്ദേശമെന്തെന്നും നാം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഗാന്ധിയുടെ മറ്റൊരു രക്തസാക്ഷിത്വ ദിനം കൂടി എത്തുന്നത്. 
 
ഗാന്ധിയെന്ന് സന്ദേശവും ശബ്ദവും ശരീരവും ഭൌതിക ലോകം വിട്ട് മറഞ്ഞിട്ട് ഇന്ന് 67- വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ഗാന്ധിയുടെ രക്തസാക്ഷിത്വം സൃഷ്ടിച്ച വിടവുകള്‍ നികത്താനാവാത്ത വിധം ശൂന്യമായി ഇന്നും തുടരുന്നു. ലോകത്തെമ്പാടുമുള്ള ആളുകള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്വീകരിക്കുന്നു, പഠിക്കുന്നു, പ്രയോഗത്തില്‍ വരുത്തുന്നു. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
 
എന്നാല്‍ ഗാന്ധിയുടെ സ്വന്തം ഇന്ത്യയില്‍ ആ മഹാത്മാവിന്റെ സ്വപ്നങ്ങള്‍ ഇന്നും അപൂര്‍ണ്ണമായി തുടരുന്നു. അര്‍ധനഗ്നനായ ഈ ഫക്കീര്‍ തന്റെ ജീവിതം കോടിക്കണക്കിനു ജനങ്ങളുള്ള ഒരു രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും അവര്‍ക്കു സ്വാതന്ത്ര്യം  നേടിക്കൊടുക്കുത്തു, ഒടുവില്‍ ഗോഡ്സേ എന്ന മതഭ്രാന്തിന്റെ അന്ധതയ്ക്കു മുന്‍പില്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ലോകംവും ഇന്ത്യയും ലജ്ജകൊണ്ട് തലകുനിക്കേണ്ടി വന്നു.
 
1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ ഇഹലോകത്തിലെ കര്‍മ്മ കാണ്ഡം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ലോകം ഒരിക്കല്‍കൂടി തെളിയിച്ചു ഞങ്ങള്‍ ഇനിയും നന്നാവുകയില്ല എന്ന്. 
 
രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു. എന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മറന്ന പിന്മുറക്കാരും ഗാന്ധി ഘാതകനെ വിശുദ്ധനാക്കുന്ന മറ്റു ചിലരും ചേര്‍ന്ന് ഭാരതീയ ദര്‍ശനത്തെ ലോകത്തിനു പകര്‍ന്നു നല്‍കിയ ഋഷിതുല്യമായ ജീവിതത്തേയാണ്  മുറിവേല്‍പ്പിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article