“സി പി ഐക്ക് വിജയം കാണാനാകില്ല”

Webdunia
വ്യാഴം, 9 ഏപ്രില്‍ 2009 (19:43 IST)
ഈ തെരഞ്ഞെടുപ്പില്‍ സി പി ഐ മത്സരിക്കുന്ന നാലു സീറ്റുകളിലും വിജയം കാണാന്‍ അവര്‍ക്ക് കഴിയില്ലെന്ന് സി പി എം നേതൃത്വം വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍. മാവേലിക്കര, തൃശൂര്‍, വയനാട്‌, തിരുവനന്തപുരം മണ്ഡലങ്ങള്‍ സി പി എം തയ്യാറാക്കിയ വിജയപട്ടികയില്‍ ഇല്ലെന്നാണ് സൂചന.

സി പി ഐയുടെ നാലു മണ്ഡലങ്ങളും നഷ്ടപ്പെട്ടാലും കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നന്നായി പണിയെടുത്താല്‍ ഏറ്റവും കുറഞ്ഞത് 14 മണ്ഡലങ്ങളില്‍ വിജയം കാണാനാകുമെന്നാണ് സി പി എം പ്രാദേശിക കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍‍. കേരള കോണ്‍ഗ്രസ്(ജെ) മത്സരിക്കുന്ന ഇടുക്കി മണ്ഡലം ‘ഷുവര്‍ സീറ്റാ’യാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. സി പി ഐയുടെ ഒരു മണ്ഡലങ്ങളിലും പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടെന്നും പാര്‍ട്ടി കരുതുന്നു.

വയനാട്, മാവേലിക്കര മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയം കാണാന്‍ സാധ്യത തീരെയില്ലെന്ന് സി പി എമ്മിലെ താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്തതായാണ് വിവരം. മാവേലിക്കരയില്‍ ആര്‍ എസ് അനിലും, വയനാട്ടില്‍ എം റഹ്‌മത്തുള്ളയുമാണ് സി പി ഐ സ്ഥാനാര്‍ത്ഥികള്‍. അനില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കില്‍ റഹ്‌മത്തുള്ള പലതവണ പൊരുതി പരാജയം രുചിച്ചിട്ടുള്ള വ്യക്തിയാണ്.

മാവേലിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സി പി എം വിലയിരുത്തുന്നു. വയനാട്ടില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇരു മുന്നണികള്‍ക്കും വിനയായേക്കും. സി പി ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കുമെന്നു വരെ ചിലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

പി കെ വാസുദേവന്‍ നായരോ പന്ന്യന്‍ രവീന്ദ്രനോ ജയിച്ചുകയറിയതുപോലെ അനായാസവിജയം നേടാന്‍ തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ത്ഥിക്ക് കഴിയില്ലെന്നാണ് സി പി എം വിലയിരുത്തുന്നത്. ശശി തരൂര്‍, എന്‍ എന്‍ കൃഷ്ണദാസ്, എം പി ഗംഗാധരന്‍, നീലലോഹിതദാസ നാടാര്‍ എന്നിവരാണ് തിരുവനന്തപുരത്തിന്‍റെ ഗോദയില്‍ സ്വര്‍ണം വിളയുമെന്ന് പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയിരിക്കുന്ന പ്രമുഖര്‍. തിരുവനന്തപുരം അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് അതീതമാകുന്നു. സി പി ഐ സ്ഥാനാര്‍ത്ഥിയായ പി രാമചന്ദ്രന്‍ നായര്‍ തന്‍റെ മുന്‍‌ഗാമികളെപ്പോലെ സംസ്ഥാനരാഷ്ട്രീയത്തിലെ തലയെടുപ്പുള്ളയാളല്ലെന്നതും വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണെന്നാണ് സി പി എം നേതൃത്വം കരുതുന്നത്.

തൃശൂരില്‍ മത്സരിക്കുന്ന സി പി ഐ സ്ഥാനാര്‍ത്ഥി സി എന്‍ ജയദേവന് ക്ലീന്‍ ഇമേജാണെങ്കിലും ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ കാറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് മര്‍മങ്ങളറിയുന്ന പി സി ചാക്കോയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയതു തന്നെ മണ്ഡലം തിരിച്ചുപിടിക്കാനാണ്. ആദ്യത്തെ ചെറിയ വിവാദങ്ങള്‍ക്ക് ശേഷം മണ്ഡലമാകെ ഇളക്കിമറിച്ചാണ് പി സി ചാക്കോ വോട്ടുതേടുന്നത്. ജയദേവനെ മറികടന്ന് ചാക്കോ ഫിനിഷിംഗ് പോയന്‍റിലെത്തുമെന്നാണ് സി പി എമ്മിന്‍റെ കണക്കുകൂട്ടല്‍.

ഘടകകക്ഷികളുടെ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല, സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുമുണ്ട് സി പി എമ്മിന് വ്യക്തമായ നിഗമനങ്ങള്‍. പത്തനം‌തിട്ടയില്‍ സി പി എം സ്ഥാനാര്‍ത്ഥി കെ അനന്തഗോപന് വളരെക്കുറവ് വിജയസാധ്യതമാത്രമാണ് പാര്‍ട്ടി കല്‍പ്പിക്കുന്നത്. പത്തനം‌തിട്ടയിലൊഴിച്ചാല്‍ പാര്‍ട്ടി മത്സരിക്കുന്ന ബാക്കി മണ്ഡലങ്ങളിലെല്ലാം, കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും സി പി എം വിലയിരുത്തുന്നു.