കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിതുടങ്ങുന്നതേയുള്ളു. എന്നാല്‍ അതിനു മുന്‍പ് തന്നെ രാഷ്ട്രീയ കേരളത്തില്‍ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ശരവര്‍ഷമാണ്. എല്ലാ തെരഞ്ഞെടുപ്പുകളും ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയാവാറുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളും ഇരു മുന്നണികളും ഇത്തവണ തെരഞ്ഞെടുപ്പ് സദാചാരത്തിന്‍റെ സകല സീമകളും ഭേദിച്ചാണ് മുന്നേറുന്നന്നത്.
ദേശീയ തലത്തില്‍ രാഷ്ട്രീയം വര്‍ഗ ചിന്ത വിട്ട് ജാതി ചിന്തയിലെക്ക് വഴിമാറിയിരിക്കുന്നുവെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗമെങ്കില്‍ കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. വികസന പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളും പ്രചരണ വിഷയമാക്കേണ്ട ഒരു തെരഞ്ഞെടുപ്പില്‍ ആരാണ് വര്‍ഗീയവാദി എന്ന് കണ്ടെത്തുകയാണ് മുന്നണികളുടെ മുഖ്യ അജണ്ടയായി തലയിലേറ്റേണ്ടി വരുന്നത് രാഷ്ട്രീയ കേരളം എവിടെ നില്‍ക്കുന്നുവെന്നതിന്‍റെ അപകടകരമായ സൂചനയാണ്.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം ഉഷാറാക്കിയത്. സി പി ഐയും സി പി എമ്മും പരസ്യമായി വിഴുപ്പലക്കുകയും അത് മാധ്യമങ്ങള്‍ നല്ല രീതിയില്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, പൊന്നാനിയും കോഴിക്കോടും കടന്ന് വിഷയം മദനിയിലും എന്‍ ഡി എഫിലും കേന്ദ്രീകൃതമാവുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഫണത്തിനു തന്നെയാണ് അടിയേറ്റത്.
PRO
കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവേളയിലെ എതിര്‍പ്പുകളും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ വ്യക്തിപരമായി ഉയരുന്ന ആരോപണങ്ങളും എതു വിഷയത്തെയും രാഷ്ട്രീയപരമായി നേരിടാമെന്ന നമ്മുടെ ആത്മവിശ്വാസത്തില്‍ കുറവ് വന്നതിന്‍റെ ആപല്‍ക്കരമായ സൂചനയായെ കാണാനാവൂ.
പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള ജനകീയ വിഷയങ്ങളെക്കുറിച്ചൊ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന മാതൃകകളെക്കുറിച്ചൊ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വിശദീകരിക്കാനല്ല നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ യോഗങ്ങളില്‍ ഇപ്പോള്‍ പെടാപ്പാടുപ്പെടുന്നത്. തങ്ങള്‍ എന്തുകൊണ്ട് വര്‍ഗീയ വാദിയല്ല, മറുപക്ഷം എന്തു കൊണ്ട് വര്‍ഗീയവാദിയാകുന്നു എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ സമയത്തിന്‍റെ മുക്കാല്‍ പങ്കും വിനിയോഗിക്കുന്നത്.
വര്‍ഗീയത മുഖ്യ വിഷയമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും അത് മാത്രമാണ് മുഖ്യവിഷയമെന്ന് വരുമ്പോഴാണ് പ്രശ്നം. ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനു പിന്നിലെ അപകടകരമായ രാഷ്ട്രീയം നാം മനസ്സിലാകേണ്ടതുണ്ട്. അതുപോലെ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുകയും അതോടൊപ്പം തന്നെ വര്‍ഗീയതയുടെ നിഴലില്‍ നില്‍ക്കുന്ന സംഘടനകളുടെ വോട്ടാവാം കൂട്ട് വേണ്ടെന്ന മുന്നണികളുടെ നിലപാടിനു പിന്നിലെ അപകടവും വോട്ടര്‍മാര്‍ തിരിച്ചറിയേണ്ടതുണ്ട്.
PRO
മുന്നണികളുടെ ഇത്തരം നിലപാടിലൂടെ വര്‍ഗീയ സംഘടനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യത അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടയ്ക്കുകയാണ്.
ഇതില്‍ മുഖ്യധാരാ മാധ്യമങ്ങളും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മദനിയുടെ പി ഡി പിയെയും രാമന്‍ പിള്ളയുടെ ജനപക്ഷത്തെയും ഒരുപോലെ പുണര്‍ന്ന ഇടതുപക്ഷമോ എന്‍ ഡി എഫിന്‍റെ വോട്ട് ആവാമെന്ന് പ്രഖ്യാപിച്ച യു ഡി എഫോ, ആരാണ് വര്‍ഗീയ പ്രീണനം നടത്തുന്നതെന്ന് കണ്ടെത്താനാണ് നമ്മുടെ മാധ്യമങ്ങള്‍ അന്വേഷണാത്മകമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ സംഘടനകളെയും വിശ്വാസികളെയും വോട്ടു ബാങ്കായി കാണുന്ന നേതൃത്വങ്ങളും ഇതില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്.
പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു രാഷ്‌ട്രീയവും വികസന നയവും സ്വരൂപിക്കാനും പഴകിയ ചിന്തകളും സങ്കുചിത നിലപാടുകളുംവെടിഞ്ഞ് സമൂഹത്തെ അപഗ്രഥിക്കാനും പുതിയൊരു രാഷ്‌ട്രീയവും പുതിയൊരു കേരളവും പുതിയൊരും ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള ആശയങ്ങള്‍ മുന്നോട്ടുവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി എന്നാണാവോ തയ്യാറാവുക.