ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (17:22 IST)
PRO
PRO
പോയ വര്‍ഷം ലോകമാകമാനം നോക്കിയാല്‍ സംഭവങ്ങളുടെ പരമ്പര തന്നെയുണ്ടാകും. അതില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഏതാനും സംഭവങ്ങള്‍. അവയില്‍ നല്ലതുണ്ടാകും നല്ലതല്ലാതതുമായ വാര്‍ത്തകളും ഉണ്ടാകും. ഇതില്‍ വാര്‍ത്തകളിലും മനസിലും ഇടപിടിച്ച ചില വാര്‍ത്തകളുണ്ട്. ലോകത്തെ വന്‍ ശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതില്‍ ഒന്നാമത്. ഇറാന്‍ ആണവകരാര്‍, അമേരിക്കയുടെ ചാരവൃത്തിയായ പ്രിസം പദ്ധതി, സിറിയയിലെ രാസായുധപ്രയോഗം എന്നിവ ലോകത്തെ കുലുക്കിയ ചില വാര്‍ത്തകള്‍. അതേസമയം ജനപ്രിയ പോപ്പായ ഫ്രാന്‍സിസ് ഒന്നാമന്റെ സ്ഥാനാരോഹണം കത്തോലിക്ക സഭയില്‍ തന്നെ ഒരു നവോത്ഥാനത്തിന് തുടക്കമിട്ടു.

അതേസമയം ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റ് ലോകത്തിന് തന്നെ വേദനയായി. ലോകം നേരിട്ട പ്രതിസന്ധികളുടെ നേര്‍ക്ക് ഒരു തിരിഞ്ഞുനോട്ടം.

അടുത്ത പേജില്‍: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി


PRO
PRO
അമേരിക്കയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു വാര്‍ത്തയില്‍ ഒന്നാമത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ധിക്കുന്നത് തടയാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. ചെലവ് ചുരുക്കലിലൂടെയും സമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയും പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിച്ചത്.

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് റിപ്ലബ്ലിക്കന്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലത്തെടുത്ത പല നികുതി ഇളവുകളും ഒബാമ സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം നാലു ലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കക്കാര്‍ക്കുള്ള നികുതി ഇളവുകള്‍ തുടര്‍ന്നും ലഭിക്കും. സാധാരണ പൌരന്മാര്‍ക്ക് വരെ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാ‍നം ചെയ്ത് ഒബാമയുടെ നടപടി വാര്‍ത്തയായതും ഈ സാഹചര്യത്തിലാണ്.

ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. എന്നാല്‍ ഇത് നടപ്പാക്കാനായില്ല. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കിയതാണ് അമേരിക്കയെ സാ‍മ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിട്ടു. അനേകര്‍ക്ക് ജോലി നഷ്ടമായി. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി. അതേസമയം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ച ഒബാമയുടെ ജനപ്രീതിക്ക് സാമ്പത്തിക പ്രതിസന്ധിമൂലം ഇടിവുണ്ടായി. പേഷ്യന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോര്‍ഡബിള്‍ കെയര്‍ ആക്ട്(പിപി‌എസി‌എ) എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഒബാ‍മ കെയര്‍ എന്ന് പേരിട്ടത് എതിരാളിയായ മിറ്റ് റോമ്നിയാണ്. ഒബാമയുടെ സുരക്ഷാപദ്ധതിയെ കളിയാക്കി വിളിച്ച പേരായിരുന്നു അതെങ്കിലും എതിരാളികളും അനുകൂലികളും മാധ്യമങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെ വിളിക്കുന്നത് ഒബാമ കെയര്‍ എന്നാണ്. ഇതിനു പിന്നാലെയാണ് പ്രിസം പദ്ധതിയുടെ കരിനിഴല്‍ അമേരിക്കയുടെ മേല്‍ വീണത്.

അടുത്ത പേജില്‍: അമേരിക്കയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയ ‘പ്രിസം പദ്ധതി’


PRO
PRO
ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സ ര്‍വ്വറുകളിലേക്ക് പിന്‍വാതിലിലൂടെ യഥേഷ്ടം കടന്നു കയറി രഹസ്യം ചോര്‍ത്തിയ രഹസ്യപദ്ധതിയാണ് പ്രിസം പദ്ധതി. അമേരിക്കയെയും അമേരിക്കന്‍ പക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളെയും എതിര്‍ക്കുന്ന ഭീകരവാദികള്‍ സൈബര്‍ ആക്രമണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. 2007ല്‍ തയ്യാറാക്കിയ ഈ പദ്ധതി പ്രസിഡന്റ് ബരാക് ഒബാമയുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെബ്സൈറ്റുകളുടെ സെര്‍ച്ച് ഹിസ്റ്ററി,​ ഇ-മെയില്‍,​ ലൈവ് ചാറ്റുകള്‍ എന്നിവ രഹസ്യമായി ശേഖരിക്കാന്‍ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതല്‍ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറില്‍.

ആറു വര്‍ഷം മുന്‍പ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജന്‍സ് റിപ്പോ ര്‍ട്ടുകളാണ് ചോര്‍ത്തിയതായി കരുതപ്പെടുന്നത്. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വ ന്‍വിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളിലൂടെ വാര്‍ത്ത പുറത്ത് വിട്ടത് ദേശീയ സുരക്ഷാ ഏജന്‍സി കമ്പ്യൂട്ടര്‍ വിദഗ്ധനാണ് എഡ്വേര്‍ഡ് ജോസഫ് സ്‌നോഡനും മിലിട്ടറി ഓഫീസര്‍ ബ്രാഡ്‌ലി മാനിംഗുമായിരുന്നു. രേഖകള്‍ ഇവര്‍ വിക്കിലീക്സിന് ചോര്‍ത്തി നല്‍കി. ഈ വാര്‍ത്തകളിലൂടെയാണ് ലോകം പ്രിസം പദ്ധതിയെക്കുറിച്ച് അറിയുന്നത്.


അടുത്ത പേജില്‍: സ്നോഡന്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍


PRO
PRO
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്നകമ്പ്യൂട്ടര്‍ വിദഗ്ധനായ എഡ്വേര്‍ഡ് ജോസഫ് സ്‌നോഡന്‍ എന്ന യുവാവ് വാര്‍ത്തകളില്‍ നിറഞ്ഞതും കഴിഞ്ഞ വര്‍ഷമാണ്. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാല്‍ടോക്ക്, ‌സ്കൈപ്പ്, യുട്യൂബ്, എഒഎല്‍, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഗാര്‍ഡിയന്‍, വാഷിംഗ്ണ്‍ പോസ്റ്റ് ദിനപ്പത്രങ്ങള്‍ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡനായിരുന്നു.

അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യ ചോര്‍ച്ചയാണിതെന്നു കരുതപ്പെടുന്നു. 2003 മുതല്‍ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സിഐഎയ്ക്ക് വേണ്ടി ജോലി ചെയ്തത്. സ്നോഡന്‍ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴേയ്ക്ക് സ്നോഡന്‍ ഹോംങ്കോങ്ങിലെത്തിയിരുന്നു. ഹോങ്കോങ്ങില്‍ അഭയം തേടിയ സ്‌നോഡനെ കൈമാറണമെന്ന ആവശ്യപ്പെട്ട അമേരിക്കന്‍ സര്‍ക്കാരിനോടു കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് ഹോങ്കോങ്ങ് സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ സ്‌നോഡന്‍ മോസ്‌കോയിലേക്ക് കടന്നു. റഷ്യ ഒരു മാസത്തിനുശേഷം താത്കാലിക അഭയം നല്‍കുകയും ചെയ്തു.

അടുത്ത പേജില്‍: യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തിയ ബ്രാഡ്‌ലി മാനിംഗ്

PRO
PRO
അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയ 25കാരനായ മിലിട്ടറി ഓഫീസര്‍ ബ്രാഡ്‌ലി മാനിംഗിന് 35 വര്‍ഷം തടവുശിക്ഷ വിധിച്ചതായിരുന്നു മറ്റൊരു ശ്രദ്ധേയമായ വാര്‍ത്ത. മിലിട്ടറി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ചാരവൃത്തിയുള്‍പ്പടെ 20 കുറ്റം മാനിംഗിന് മേല്‍ കോടതി ജൂണില്‍ ചുമത്തിയിരുന്നു.

എന്നാല്‍ തനിക്ക് വന്ന വീഴ്ചയില്‍ മാ‍നിംഗ് രാജ്യത്തോട് മാപ്പു ചോദിച്ചു. അമേരിക്കയുടെ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ 2010 മേയിലാണ് ബ്രാഡ്‌ലി മാനിംഗ് ഇറാഖില്‍ അറസ്റ്റിലായത്. 2009-10 വര്‍ഷങ്ങളില്‍ ഇറാഖില്‍ ജൂനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കുമ്പോഴാണ് മാനിംഗ് വിക്കിലീക്‌സിന് രഹസ്യ രേഖകള്‍ ചോര്‍ത്തി നല്‍കിയത്.

അടുത്ത പേജില്‍: ഇറാന്‍ ആണവ കരാര്‍

PRO
PRO
ഇറാന്‍ ആണവ വിഷയത്തില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ആറ് വന്‍ ശക്തികളുമായി ഇറാന്‍ കരാറിലെത്തിയത് വാര്‍ത്തകളില്‍ ഇടം‌പിടിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് നാലു ദിവസത്തിലേറെ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന്‍ ധാരണയിലെത്തിയത്.

സുപ്രധാനമായ ആദ്യ കാല്‍വെപ്പായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഇറാനുമായി ഉണ്ടാക്കിയിരിക്കുന്ന കരാറിനെ വിശേഷിപ്പിച്ചത്. കരാര്‍ ഇറാന്റെ മേല്‍ അനിവാര്യമായ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെന്നും ഒബാമ സൂചിപ്പിച്ചു. യൂറേനിയം സംമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശത്തെ കരാര്‍ അംഗീകരിക്കുന്നില്ലെന്നും ഇസ്രയേലിനെയും മിഡിലീസ്റ്റിലെ അമേരിക്കയുടെ മറ്റ് സഖ്യകക്ഷികളെയും അത് സുരക്ഷിതമാക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. കരാര്‍പ്രകാരം സമ്പുഷ്ടീകരണ ശേഷി വര്‍ധിപ്പിക്കുന്നത് ഇറാന്‍ അവസാനിപ്പിക്കുകയും അറാക് ജല റിയാക്ടറിന്റെ പദ്ധതി നിര്‍ത്തി വെക്കുകയും ചെയ്യും.

അടുത്ത പേജില്‍: 120 കോടി കത്തോലിക്കാ വിശ്വാസികള്‍ക്ക് ആഹ്ലാദമായി മാര്‍പാപ്പ


PRO
PRO
ലോകമെങ്ങുമുള്ള 120 കോടി കത്തോലിക്കാ വിശ്വാസികള്‍ക്ക് ആഹ്ലാദമായി മാര്‍പാപ്പയുടെ സ്ഥാനാരോഹണം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി അര്‍ജന്‍റീനയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോലിയോ എന്ന ഫ്രാന്‍സിസ് ഒന്നാമന്‍ സഭയുടെ 266ാമത് മാര്‍പാപ്പ ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്പിന് പുറത്തുനിന്ന് പാപ്പയാകുന്ന ആദ്യ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെയാള്‍, ആദ്യ ജെസ്യൂട്ട് സഭാഗം എന്നീ വിശേഷണങ്ങളോടെയാണ് 76കാരനായ ബെര്‍ഗോലിയോ സഭയുടെ തലവനായി എത്തിയത്.

ഈശോസഭാംഗമായ ബെര്‍ഗോഗ്ളിയോ 1936ല്‍ ബ്യൂണസ് അയേഴസിലാണ് ജനിച്ചത്. 1969ല്‍ വൈദികനായി. 1992ല്‍ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്. 2005ലെ കോണ്‍ക്ളേവില്‍ ബെനഡിക്ട് പതിനാറാമന് പിന്നില്‍ രണ്ടാമനായി ഇദ്ദേഹം എത്തിയിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തപ്പെട്ടിരുന്നു. ജനങ്ങളുടെ ഇഷ്ടതോഴനായി മാറാന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് അധികസമയം വേണ്ടി വന്നില്ല. രോഗികളോടും കുട്ടികളോടും വാത്സല്യം കാട്ടുന്ന അദ്ദേഹം ആഡംബര ജീവിതം നയിക്കുന്ന വൈദികര്‍ക്ക് എതിരേ കടുത്ത നടപടികളെടുത്തതും ജനങ്ങളോട് അടുപ്പിച്ചു.

അടുത്ത പേജില്‍: സിറിയയില്‍ രാസായുധപ്രയോഗം



PRO
PRO
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ സൈന്യം 1300ലേറെ പേരെ കൂട്ടക്കൊല ചെയ്തത് ലോകമാകെ പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാരിനെതിരെ പൊരുതുന്ന വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

എന്നാല്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ സൈന്യം തയ്യാറായിട്ടില്ല. വിമതരാണ് ഇത്തരത്തില്‍ രാസായുധം പ്രയോഗിച്ചതെന്നാണ് സൈന്യം വാദിക്കുന്നത്.

അതേസമയം രാസായുധ ആക്രമണം നടന്നെന്ന ആരോപണത്തെ സിറിയ നിഷേധിച്ചു. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു ഔദ്യോഗിക പ്രതികരണം. സിറിയയില്‍ വിമതര്‍ക്ക് നേരെ വ്യാപകമായ തോതില്‍ രാസായുധ പ്രയോഗം നടക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

അടുത്ത പേജില്‍: ജപ്പാനിലെ അവസാന ആണവ റിയാക്ടറും പൂട്ടി

PRO
PRO
ഫുകുഷിമ ആണവനിലയത്തിന്‍െറ തകര്‍ച്ചക്കുശേഷം രാജ്യത്തെ അവസാനത്തെ ആണവനിലയവും ജപ്പാന്‍ അടച്ചുപൂട്ടി. പടിഞ്ഞാറന്‍ ജപ്പാനിലെ ഫുകൂയിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒഹി ന്യൂക്ളിയര്‍ പ്ളാന്‍റിലെ വൈദ്യുതി ഉല്‍പാദനത്തിനായുള്ള റിയാക്ടര്‍-4 ആണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനില്‍ ഇതോടെ ആണവോര്‍ജനിലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. 1960ന് ശേഷമുള്ള നിലയങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുക വഴി ഡിസംബറോടെ രാജ്യത്ത് ആണവോര്‍ജം പൂര്‍ണമായി ഇല്ലാതാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 2011 മാര്‍ച്ചിലെ സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിനുണ്ടായ തകര്‍ച്ച, ഭീതി വളര്‍ത്തിയതോടെയാണ് ആണവ നിലയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നത്.

മുമ്പ് മറ്റു റിയാക്ടറുകള്‍ പരിശോധനക്കായി അടച്ച ശേഷം തുറന്നു പ്രവര്‍ത്തിപ്പിക്കാതിരിക്കുകയായിരുന്നു. ഒഹി ആണവനിലയവും വീണ്ടും തുറക്കുന്നതിന് സമയക്രമം നിശ്ചയിക്കാതെ തന്നെയാണ് അടച്ചുപൂട്ടിയത്. ഒഹി ആണവനിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് സന്നദ്ധമാണെന്ന് നടത്തിപ്പുകാരായ ടെപ്കോ അറിയിച്ചിട്ടുണ്ടെങ്കിലും ജനരോഷം ശക്തമായതിനാല്‍ സര്‍ക്കാരിന് അനുകൂല നിലപാടെടുക്കാന്‍ കഴിയില്ല.

സുനാമിയെ തുടര്‍ന്നുണ്ടായ ഭൂകമ്പത്തില്‍ തകരുന്നതിന് മുമ്പ് ജപ്പാനില്‍ ഉപയോഗിച്ചിരുന്ന ഊര്‍ജത്തിന്‍െറ 30 ശതമാനവും വിതരണം ചെയ്യപ്പെട്ടിരുന്നത് ഫുകുഷിമ ആണവനിലയത്തില്‍ നിന്നായിരുന്നു. ഇതിന് ശേഷം സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അറ്റകുറ്റ പണികള്‍ക്കായി ഫുകുഷിമ നിലയം അടച്ചെങ്കിലും പിന്നീട് പ്രവര്‍ത്തിച്ചിരുന്നില്ല.

2012 ജൂലൈക്കുശേഷം ഒഹിയിലെ രണ്ടു ആണവ റിയാക്ടറുകള്‍ മാത്രമാണ് ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. റിയാക്ടര്‍-3 സെപ്റ്റംബര്‍ രണ്ടിന് അടച്ചുപൂട്ടിയ ശേഷം റിയാക്ടര്‍-4ഉം പ്രവര്‍ത്തനരഹിതമായതോടെ നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ജപ്പാനില്‍ ആണവോര്‍ജ നിലയം ഇല്ലാതാവുന്നത്. ഫുകുഷിമ ആണവ നിലയത്തിന്‍െറ തകര്‍ച്ചക്കു പിന്നാലെ അല്‍പകാലം ആണവോര്‍ജ ഉല്‍പാദനം നിലച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ഊര്‍ജത്തിനായി ആണവനിലയങ്ങളെ വലിയതോതില്‍ ആശ്രയിക്കാതെയാണ് ജപ്പാന്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. പരിശോധനക്കായി അന്ന് പൂട്ടിയ 50 റിയാക്ടറുകള്‍ ജനരോഷം കാരണം പിന്നീട് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ന് ശേഷം രാജ്യത്തിന്‍െറ വ്യാപാരമേഖലയുടെ തളര്‍ച്ചക്ക് ഈ നടപടി ഇടയാക്കിയിട്ടുണ്ടെന്നാണ് വിമര്‍ശം. ഈ നഷ്ടം നികത്തുന്നതിനായി വീടുകളുടെ വൈദ്യുതി നിരക്കില്‍ 30 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

അടുത്ത പേജില്‍: ഈജിപ്‌തില്‍ പട്ടാള അട്ടിമറി


PRO
PRO
ജനകീയപ്രക്ഷോഭം രൂക്ഷമായ ഈജിപ്‌തില്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ പുറത്താക്കിയ സൈന്യം രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കി. മുര്‍സിയെ പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ പുറത്താക്കിയെന്നും ഭരണഘടനാ കോടതി ചീഫ്‌ ജസ്‌റ്റിസിനു താല്‍ക്കാലിക ചുമതല നല്‍കിയെന്നും ഈജിപ്‌ഷ്യന്‍ മിലിട്ടറി കമാന്‍ഡര്‍ ജനറല്‍ അബ്‌ദല്‍ ഫത്താഹ്‌ അല്‍-സിസി ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചത്.

ഭരണപ്രതിസന്ധി പരിഹരിക്കാന്‍ നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനം മുര്‍സി തള്ളിയതിനെത്തുടര്‍ന്നാണ് സൈന്യം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. മുര്‍സിക്ക്‌ സൈന്യം യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തി. രാജ്യത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വിഛേദിച്ചു. തലസ്‌ഥാനമായ കെയ്‌റോയില്‍ ഉള്‍പ്പെടെ റോഡുകളുടെയും തന്ത്രപ്രധാനസ്‌ഥാപനങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

അതിനിടെ, കെയ്‌റോ സര്‍വകലാശാലയില്‍ മുര്‍സിയെ എതി ര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. മുര്‍സിയെ പിന്തുണച്ച്‌ നൂറു കണക്കിന്‌ മുസ്ലിം ബ്രദര്‍ഹുഡ്‌ രംഗത്തെത്തി. ഇത് മുസ്ലീം ബ്രദര്‍ഹുഡിന്റെ നിരോധനത്തിലേക്ക് വഴിവെച്ചു. രാജ്യത്ത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഈജിപ്ഷ്യന്‍ കോടതിയാണ് നിര്‍ണായക വിധിപ്രസ്താവം പുറപ്പെടുവിച്ചത്. സംഘടനയുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനും ഇടക്കാല സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

അടുത്ത പേജില്‍: ഫിലിപ്പീന്‍സിനെ ചുഴറ്റിയടിച്ച ഹയാന്‍


PRO
PRO
ഫിലിപ്പീന്‍സില്‍ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച 'ഹയാന്‍' ചുഴലിക്കാറ്റില്‍ പതിനായിരത്തിന് മുകളില്‍ ആള്‍ക്കാരാണ് മരിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പത്തുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം ലോകത്തുണ്ടായതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. കിഴക്കന്‍ സമര്‍, ലെയ്റ്റ്, ബൊഹോള്‍, സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചിട്ടു. തെക്കുകിഴക്കന്‍ മനിലാ തീരത്തോടടുത്തപ്പോള്‍ കാറ്റിന് 600 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു.








വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്