കോഴിയെ കട്ടാല്‍ കള്ളനാവുമോ?

Webdunia
ശനി, 10 ഒക്‌ടോബര്‍ 2009 (14:06 IST)
PRO
നമ്മുടെ നാടിനൊയൊന്നു നേരെയൊന്നു നിര്‍ത്താന്‍ ഡല്‍ഹിയില്‍ ഒരു അമ്മയും മകനും പെടാപാടുപെടുന്നത് ആരും കണ്ടില്ലെന്നു വയ്ക്കരുത്. കാണുന്ന കാര്യം അങ്ങ് തുറന്നു പറഞ്ഞില്ലെങ്കില്‍ ദുര്‍ബലന് ഒരു ഏനക്കേടാ. സോണിയാമ്മയുടെ മകന്റെയും കാര്യം തന്നെയാ പറഞ്ഞുവരുന്നത്.

അമ്മേടേം രാഹുല്‍ മോന്റേയും പ്രവര്‍ത്തന തീവ്രത സംശയത്തിന്റെ റിക്‌ടര്‍ സ്കെയില്‍ വച്ച് അളക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നഷ്ടപ്രതാപം വീണ്ടെടുത്ത് ജയിച്ചു കേറി വന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ തനിക്കുറപ്പിച്ച പ്രധാനമന്ത്രിക്കസേര സോണിയാമ്മ പുല്ലുപോലെയല്ലേ വലിച്ചെറിഞ്ഞത്..... ദുര്‍ബലന് രോമാഞ്ചം കൊള്ളുന്നു കേട്ടോ.

യുവരാജാവാണെന്ന ഒരു ഭാവം പോലുമിലാതെയാ‍ണ് മകന്റെ പ്രവര്‍ത്തനം. പാര്‍ട്ടി എന്നു പറഞ്ഞാല്‍ ചത്തുകളയും. ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു മന്ത്രിക്കസേരയില്‍ ഇരുത്തിയിട്ടു വേണം ആ പ്രധാനമന്ത്രിക്കസേര സ്ഥിരമായി അങ്ങ് ഏല്‍പ്പിക്കാനെന്നാണ് പാര്‍ട്ടിക്കാരുടെ തീരുമാനം. എന്നാല്‍, പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പുകാണുമ്പോള്‍ ഈ കുതിരയെ അങ്ങ് കെട്ടിയിടാന്‍ അവര്‍ക്കൊട്ടു മനസ്സുമില്ല മന്ത്രിക്കസേരയിലിരിക്കാന്‍ രാഹുലിന് താല്‍പ്പര്യവുമില്ല.

ഇത്രയുമൊക്കെ ആത്മാര്‍ത്ഥതയും സ്നേഹവുമുള്ള ഈ അമ്മയെയും മകനെയും പറ്റി അപഖ്യാതി പറയുന്നത് കേട്ടു നില്‍ക്കാന്‍ ദുര്‍‌ബലനു കഴിയില്ല. സോണിയാമ്മ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി പോലും. പോവട്ടെ, അതവരുടെ കാര്യമാ. പക്ഷേ, ‘ജയ് മഹാരാഷ്ട്ര’ എന്ന് പറഞ്ഞാണ് സോണിയാമ്മ പ്രസംഗം അവസാനിപ്പിച്ചതത്രേ. അതിനെന്താപ്പാ ഇത്രയങ്ങ് വിമര്‍ശിക്കാന്‍. ചേരേ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം വാങ്ങിയങ്ങ് തിന്നുക തന്നെ. അല്ലാതെ വേറെ രക്ഷയുണ്ടോ, ഇതറിയാത്ത മണ്ടന്‍‌മാര്‍ വിമര്‍ശിക്കട്ടെ.

വിമര്‍ശനമങ്ങു മൂത്താല്‍ നാവ് പിഴച്ചതാണെന്നു പറയും. അതിന് ഉദാഹരണം വേണമെങ്കില്‍ പണ്ട് ഒസാമ ബിന്‍ ലാദനെ ‘ഒബാമ ബിന്‍ ലാദന്‍’ എന്ന് വിശേഷിപ്പിച്ച അദ്വാനിയദ്ദേഹത്തിന്റെ നാവിന്റെ ലീലാവിലാസവും വിശദീകരിച്ചു കൊടുക്കും.

രാഹുലിന് അല്‍പ്പസ്വല്‍പ്പം ഗ്ലാമറൊക്കെയുണ്ട്. അതു കുടുംബസ്വത്താണ്. അതുകണ്ട് ആ‍രും അസൂയപ്പെടേണ്ടാ. പാവപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കും. പൊലീസ് അറിയാതെ വെളിയില്‍ കറങ്ങും. അതൊക്കെ ആവേശത്തിന്റെ ഭാഗമാണ്. അതിലും ആരും അസൂയപ്പെടരുത്. പക്ഷേ അസൂയക്കാര് പറയുന്നത് കേള്‍ക്കുമ്പോള്‍ ദുര്‍ബലന്റെ മേലാസകലം തരിച്ചു കയറുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമേ രാഹുലിനു പാവങ്ങളെ ഓര്‍മ്മവരുവത്രേ. പിന്നെ പൊലീസ് അറിയാതെ കറങ്ങി നടക്കുന്നത് വാര്‍ത്ത ഉണ്ടാക്കാനാണത്രേ.

ഒരു കോഴിയെ കട്ടവനെ കള്ളന്‍ എന്നു വിളിക്കുന്ന ഇവറ്റകളൊക്കെ എന്ന് പഠിക്കും...... കക്കാന്‍ കോഴിയെക്കാള്‍ വലുത് എന്തൊക്കെ കിടക്കുന്നു എന്ന് മനസ്സിലാകാത്തവര്‍ സംശയത്തിന്റെ റിക്‌ടര്‍ സ്കെയില്‍ വച്ച് വീണ്ടും വീണ്ടും അളക്കട്ടെ അവസാനം ആ യന്ത്രം കേടായാലെങ്കിലും സംശയ രോഗം അവസാനിക്കുമല്ലോ!