ലേറ്റായി വന്നാലും ക്ലാസ് ടോപ്പർ ഷമി തന്നെ, ലോകകപ്പിൽ കുറിച്ചത് ഒട്ടെറെ റെക്കോർഡുകൾ

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (12:43 IST)
2023 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡ് ബുക്കില്‍ പുതിയ നേട്ടങ്ങള്‍ എഴുതിചേര്‍ത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്നലെ നടന്ന ഒരൊറ്റ മത്സരത്തിലൂടെ മാത്രം നാല് റെക്കോര്‍ഡുകളാണ് ഷമി നേടിയത്. ഒരു ഇന്ത്യന്‍ പേസറുടെ ലോകകപ്പിലെയും ഏകദിനഫോര്‍മാറ്റിലെയും ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ന്യൂസിലന്‍ഡിനെതിരെ സംഭവിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 4 റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.
 
ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ഇന്നലെ ഷമിയുടെ പന്തുകള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന സഹീര്‍ ഖാന്റെ റെക്കോര്‍ഡും ഷമി തകര്‍ത്തു. 2011ല്‍ സഹീര്‍ ഖാന്‍ നേടിയ 21 വിക്കറ്റിന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്. 6 മത്സരങ്ങളില്‍ കളിച്ച ഷമിക്ക് 23 വിക്കറ്റുകളാണുള്ളത്.
 
ഇതിനിടെ ലോകകപ്പില്‍ മാത്രം 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന നേട്ടവും ഇന്നലെ ഷമി സ്വന്തമാക്കി. വെറും 17 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഷമിയുടെ ഈ നേട്ടം.19 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് ഷമി തകര്‍ത്തത്. ഇന്നലെയും അഞ്ച് വിക്കറ്റിന് മുകളില്‍ നേടാനായതോടെ ഒരു ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ഷമിയുടെ പേരിലായി. ന്യൂസിലന്‍ഡിനെതിരെ രണ്ട് തവണയും ശ്രീലങ്കക്കെതിരെ ഒരിക്കലും ഷമി അഞ്ചു വിക്കറ്റുകള്‍ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article